കൊച്ചി : കൊച്ചിയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉത്സവ രാവ് . കേരളബ്ലസ്റ്റേഴ്‌സും ബംഗ്ലൂരു എഫ് സിയും ഇന്ന് കൊച്ചിയില്‍ ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ദക്ഷിണേന്ത്യയിലെ രണ്ടു മികച്ച ടീമുകള്‍ ഏറ്റുമുട്ടുകയാണ് എന്നത് ദേശീയ തലത്തില്‍ തന്നെ മത്സരത്തിന് പ്രാധാന്യം നല്‍കുന്നു.
ഹോം മത്സരത്തില്‍ സ്റ്റേഡിയത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൊച്ചിയിലേക്കൊഴുകുന്ന മഞ്ഞപ്പട ആരാധകര്‍ക്കൊപ്പം കര്‍ണ്ണാടകത്തില്‍നിന്നും നീലപ്പടയുടെ ആരാധകരും എത്തും.ബംഗളൂരു ആരാധക സംഘമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂ നേരത്തേ തന്നെ ഗാലറി ടിക്കറ്റുകള്‍ മൊത്തമായി ബുക്ക് ചെയ്തിട്ടുണ്ട്. ഹോം ഗ്രൗണ്ടിലെന്നപോലെ എവേ മത്സരത്തിലും ഇവര്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ എത്താറുണ്ട്.
അതേസമയം ഇത്രയധികം ആരാധകര്‍ എവേ മത്സരത്തിനെത്തുന്നത് ആദ്യമാണ്. ആരാധക ബാഹുല്യമുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നത് ഗാലറിക്കും ആവേശമാകും. വൈകീട്ട് 5.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
ആറ് കളികളില്‍ ഒരു ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി ഏഴു പോയന്റോടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ബംഗളൂരുവിനെതിരെ ജയിച്ചാല്‍ പത്ത് പോയന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറാം.
ഏഴ് കളികളില്‍ നാല് വിജയവും മൂന്നു പരാജയവുമായി 12 പോയന്റുമായി നാലാം സ്ഥാനത്താണ് ബംഗ്ലൂര്‍. ജയിച്ചാല്‍ 15 പോയന്റുമായി രണ്ടാം സ്ഥാനത്തെത്താം.
