മുന്നറിയിപ്പ് വകവെയ്ക്കാതെ മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തു; റഷീദലി തങ്ങള്‍ക്ക് സമസ്തയുടെ വിലക്ക്

കോഴിക്കോട്: മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍ക്ക് സമസ്തയുടെ യോഗത്തില്‍ വിലക്ക്. മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു ലംഘിച്ചാണ് പാണക്കാട് റശീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത്.

നാളെ മുക്കത്ത് നടത്താന്‍ തീരുമാനിച്ച സുന്നി മഹല്ല് ഫെഡറേഷന്‍ സമ്മേളനത്തില്‍ നിന്നാണ് പാണക്കാട് റശീദലി തങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. സമസ്തയുടെ നിലപാടിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് മാറ്റി നിര്‍ത്തല്‍. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന നേതാക്കളായ നാസര്‍ ഫൈസി കൂടത്തായി, കെഎന്‍എസ് മൗലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരടങ്ങിയ സംഘാടക സമിതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ചരിത്രത്തില്‍ ആദ്യമായാണ് പാണക്കാട് നിന്നും രണ്ടു പേര്‍ മുജാഹിദ് സമ്മേളന വേദിയില്‍ എത്തുന്നത്. പാണക്കാട് തങ്ങള്‍മാര്‍ മുസ്ലിം ലീഗിന്റേയും സമസ്തയുടേയും നേതൃത്വം ഒരുമിച്ച് വഹിക്കുന്നവരാണെങ്കിലും സമസ്ത പിന്തുടരുന്ന സുന്നി ആശയമാണ് ഇവര്‍ പിന്തുടരുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി നടന്ന പള്ളി മദ്‌റസ മഹല്ല് സമ്മേളനത്തിലാണ് കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനകനായത്. ഭിന്നതകള്‍ മറന്നു ഒരുമിച്ചു നില്‍ക്കണമെന്നും മതസംഘടനകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ അവസാനിപ്പിക്കണം എന്നുമാണ് തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്ത് പറഞ്ഞത്. സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന സമ്മേളനമാണ് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലടക്കം അണികള്‍ തമ്മില്‍ ശക്തമായ വാഗ്വാദമാണ് നടക്കുന്നത്. മുജാഹിദ് വേദിയില്‍ സംബന്ധിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര ഭാരവാഹികളുടെ യോഗം നാളെ ചേളാരിയിലെ ആസ്ഥാനത്തും നടക്കും. സമസ്തയുടെ ഉന്നത കൂടിയാലോചനാ സഭയുടെ യോഗം ജനുവരി പത്തിനും ചേരും.

സംഘടനാ ഭാരവാഹിത്വത്തില്‍ നിന്നും ഇരുവരേയും മാറ്റി നിര്‍ത്താനാണ് സമസ്ത ആലോചിക്കുന്നത്. മുനവ്വറലി ശിഹാബ് തങ്ങള്‍ എസ്‌കെഎസ്എസ്എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റിന്റെ ഭാരവാഹിത്വത്തിലും റശീദലി തങ്ങള്‍ സുന്നീ മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റുമാണ്.

അതേസമയം കേരള വഖ്ഫ് ബോര്‍ഡ് കേരളത്തിലെ എല്ലാ മുസ്ലിംകളേയും പ്രതിനിധീകരിക്കുന്നുവെന്നും അതിനാലാണ് ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ പങ്കെടുത്തതെന്നും സംഭവത്തെക്കുറിച്ച് റശീദലി തങ്ങള്‍ പ്രതികരിച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് താന്‍ സംബന്ധിച്ചതെന്ന് മുനവ്വറലി തങ്ങളും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *