മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു

ന്യുഡല്‍ഹി: വിവാദമായ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു. വരുന്ന ബജറ്റ് സമ്മേളനത്തിനു മുന്‍പ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കണം. ബില്ലിനെതിരെ പ്രതിപക്ഷവും ഐ.എം.എ അടക്കമുള്ള സംഘടനകളും രംഗത്തുവരികയും വിശദമായ പഠനത്തിന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

മെഡിക്കല്‍ ബില്ലിലെ വ്യവസ്ഥകളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് പണിമുടക്ക്. രണ്ടു ലക്ഷത്തോളം ഡോക്ടര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ ഇല്ലാതാക്കുന്നതിനാണ് മെഡിക്കല്‍ കമ്മീഷന്‍ ബില്‍ കൊണ്ടുവരുന്നതെന്നാണ് ഡോക്ടര്‍മാരുടെ ആക്ഷേപം.

ആശുപത്രികളില്‍ നിന്നിറങ്ങി ഡോക്ടര്‍മാര്‍ സമരം തുടങ്ങിയതോടെ രോഗികള്‍ പെരുവഴിയിലായി. കേരളത്തില്‍ മെഡിക്കല്‍ ബില്ലിനെതിരെ രാജ്ഭവന് മുന്നിലാണ് ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചത്. സര്‍ക്കാര്‍ ഒരു മണിക്കൂര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നായിരുന്നു പ്രതിഷേധം. അതുകൊണ്ട് തന്നെ രോഗികളെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ സ്വകാര്യ ഡോക്ടര്‍മാരുടെ പ്രതിഷേധം ആറുമണിവരെ തുടരും.

കേന്ദ്രമന്ത്രിസഭ ഡിസംബര്‍ 18ന് അംഗീകരിച്ച ബില്‍ വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രി ജെ.പി നഡ്ഡ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ആരോഗ്യമേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് ബില്‍ എന്ന് നഡ്ഡ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *