മുംബൈ: മഹാരാഷ്ട്രയില്‍ ഉണ്ടായ മറാത്താ ദലിത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനി, ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിത് എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡിസംബര്‍ 31 പൂനെയില്‍ ജനങ്ങളെ പ്രകോപിതരാക്കുന്ന രീതിയിലുള്ള പ്രസംഗം നടത്തി എന്നരോപിച്ചാണ് രണ്ട് പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അക്ഷയ് ബിക്കഡ്, ആനന്ദ് ധോണ്ട് എന്നീ യുവാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടുപേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രസംഗത്തിലൂടെ വിവിദ വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായെന്നും ഇതാണ് സംഘര്ഷത്തിലേക്ത് നയിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മറാത്താ ദലിത് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും അതില്‍ ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഇന്നലെ ബന്ദ് നടത്തിയിരുന്നു. ജനുവരി ഒന്നിന് ഭീമ കൊറിഗാവ് യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലേക്ക് പോവുകയായിരുന്ന ദലിത് സംഘത്തെ മറാത്തികള്‍ അക്രമിക്കുകയും വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
പൂനെയ്ക്ക് സമീപം ഭീമ കൊറിഗാവോണിലാണ് കഴിഞ്ഞ ദിവസം ദലിത് മറാത്താ വിഭാഗങ്ങള്‍ തമ്മില്‍ ആദ്യം സംഘര്‍ഷം ഉണ്ടായത്. പിന്നീട് ഇത് മുംബൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
വാക്കേറ്റവും കൈയേറ്റവും പൊടുന്നനെ വലിയ സംഘര്‍ഷത്തിലേക്ക് മാറുകയും സ്ഥിതി നിയന്ത്രണാതീതം ആവുകയുമായിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
