അനസ് എടത്തൊടികയ്ക്കായി നൂറു കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ കലൂര്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത് നമ്മള്‍ കാണാറുണ്ട്. അത് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ മലപ്പുറത്തിന്റെ മറ്റൊരു താരത്തിന്റെ കാര്യത്തിലും. പൂനെ സിറ്റി താരമായ മലയാളി യുവ ടാലന്റ് ആഷിഖ് കുരുണിയനാണ് പിന്തുണയുമായി നാട്ടുകാര്‍ ഇന്ന് കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്.
ഇന്ന് രാത്രി കേരള ബ്ലാസ്റ്റേഴ്‌സ് പൂനെ സിറ്റിയെ നേരിടാന്‍ ഇരിക്കുകയാണ്. പൂനെ സിറ്റി നിരയിലെ സ്ഥിരം സാന്നിദ്ധ്യമായിരിക്കുകയാണ് ആഷിഖ് കുരുണിയന്‍ ഇപ്പോള്‍. കഴിഞ്ഞ മത്സരത്തില്‍ തന്റെ ആദ്യ ഗോളും എമേര്‍ജിംഗ് പ്ലയര്‍ അവാര്‍ഡും കരസ്ഥമാക്കിയതോടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ തന്റെ സ്ഥാനം ആഷിഖ് ഉറപ്പിച്ചിട്ടുണ്ട്.
പൂനെയുടെ വലിയ അറ്റാക്കിംഗ് നിരയ്‌ക്കൊപ്പമാണ് കളിക്കുന്നത് എന്നതും ആഷിഖിന് സഹായകരമാകുന്നുണ്ട്. കോച്ചിനും വളരെ കുറച്ച് മത്സരങ്ങള്‍ കൊണ്ട് ആഷിഖ് പ്രിയങ്കരനായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ഇന്ന് ഗോളടിക്കുമോ എന്ന ഭയം മഞ്ഞപ്പട ആരാധകര്‍ക്ക് ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരും ആഷിഖിന്റെ നാട്ടുകാരോടൊപ്പം ആഷികിന് സ്റ്റേഡിയത്തില്‍ മികച്ച പിന്തുണ നല്‍കിയേക്കും.
നേരത്തെ ജംഷദ്പൂര്‍ ഇവിടെ കളിക്കാന്‍ എത്തിയപ്പോള്‍ രണ്ട് ബസ്സിലാണ് അനസിന്റെ നാട്ടില്‍ നിന്ന് ആരാധകര്‍ എത്തിയത്. അത് പൊലൊരു പിന്തുണ ഇന്നും കലൂര്‍ ഗ്യാലറിയില്‍ കാണാം.

