ന്യൂഡല്‍ഹി: മനുഷ്യക്കടത്തിലൂടെ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ എത്തിയ മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കൂടാതെ നേപ്പാളില്‍ നിന്നുള്ള 7 പെണ്‍കുട്ടികളയേയും രക്ഷപ്പെടുത്തി.
പഞ്ചാബിലെ മനുഷ്യക്കടത്ത് നടത്തുന്ന ചില ഏജന്‍സികള്‍ വഴി കെനിയയില്‍ എത്തിയ ഇവര്‍ അവിടെ കുടുങ്ങുകയായിരുന്നു. ഇവരുടെ ഫോണുകളും പാസ്‌പോര്‍ട്ടുകളും മനുഷ്യക്കടത്തുകാര്‍ കൈവശപ്പെടുത്തിയിരുന്നു. തടവിലായ ഇവരെ രക്ഷിക്കുന്നതിനായി ഇന്ത്യന്‍ എംബസിയാണ് ഇടപെട്ടതെന്ന് കേന്ദ്രം അറിയിച്ചു.
കെനിയയിലെ മോംബാസ എന്ന സ്ഥലത്തായിരുന്നു പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. പെണ്‍കുട്ടികളെ കെനിയയില്‍ എത്തിച്ച ഏജന്‍സികള്‍ക്കെതിരേ പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും , കുട്ടികളെ മോചിപ്പിക്കാന്‍ പ്രവര്‍ത്തിച്ച കെനിയയിലെ ഇന്ത്യന്‍ എംബസിക്കും കെനിയന്‍ പൊലീസിനും നന്ദി അറിയിക്കുന്നതായും സുഷമ സ്വരാജ് പറഞ്ഞു.
