മലപ്പുറം: ഹരിതരാഷ്ടത്തിന്റെ ഉരുക്കു കോട്ടയില്‍ കേരളയാത്ര കാലുകുത്തി. മുസ്ലിംലീഗിന്റെ സ്വന്തം തട്ടകത്തിലേക്കാണ് പാര്‍ട്ടി ദേശീയ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ പി.കെ.കുഞ്ഞാലികുട്ടി പടനയിച്ചെത്തിയിരിക്കുന്നത്. വെള്ളപ്പട്ടാളത്തിനെതിരെ വിരിമാറു കാണിച്ചു പോരാടിയ ഏറനാടന്‍ മാപ്പിളമാരുടെ പിന്തലമുറക്കാരുടെ മണ്ണിലൂടെ ഇനി മൂന്നു നാള് കേരളയാത്ര മുന്നേറും. കേരള രാഷട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള മലപ്പുറത്തിന്റെ നാട്ടുവഴികളില്‍ യാത്രയെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറെ നാളായി ഒരുങ്ങിയിരിക്കുകയായിരുന്നു. ഇനിയുള്ള മൂന്നു ദിവസങ്ങളിലായി ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും.
ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ യാത്രയെ വരവേറ്റു. തുടര്‍ന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദ്യ സ്വീകരണ ചടങ്ങ് കൊണ്ടോട്ടിയില്‍ നടന്നു. കൊണ്ടോട്ടി, എടവണ്ണ, നിലമ്പൂരിലെ എടക്കര, വണ്ടൂര്‍, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകീട്ട് ഏഴു മണിക്ക് മഞ്ചേരിയില്‍ സമാപിക്കും. തിങ്കളാഴ്ച രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്ന് ആരംഭിച്ച് മങ്കടയിലെ രാമപുരം, മലപ്പുറം, വേങ്ങര, എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറത്ത് സമാപിക്കും . രണ്ടിന് ചേളാരിയില്‍ നിന്ന് തുടങ്ങി പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍, തവനൂരിലെ നരിപ്പറമ്പ് സ്വീകരണങ്ങള്‍ക്ക് ശേഷം പൊന്നാനിയില്‍ സമാപിക്കും.
ജാഥയുടെ പ്രചാരണാര്‍ത്ഥം വൈവിധ്യമാര്‍ന്ന പരിപാടികളാണ് മുസ്്ലിം ലീഗിന്റെ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
വാഹന ജാഥകള്‍, പദയാത്രകള്‍, പാട്ടുവണ്ടികള്‍, പ്രചാരണ വാഗണ്‍, ജലയാത്ര, കൂട്ടയോട്ടം, കൂട്ടനടത്തം, വൈറ്റ്കാര് റാലി, ബൈക്ക് റാലി, സൈക്കിള്‍ റാലി, സെമിനാറുകള്‍, ഓപ്പണ്‍ ഫോറം, പ്രമേയ വിശദീകരണ സമ്മേളനങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഓരോ യൂണിറ്റ് മുതല്‍ മണ്ഡലം വരെയുളള കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്നത്. കേരളയാത്രയുടെ ഉപഹാരമായി വായനശാലകള്‍, ലൈബ്രറികള്‍, ബസ് സ്റ്റോപ്പുകള്‍ തുടങ്ങിയവ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അധ്യാപക,വിദ്യാര്‍ത്ഥി സംഘടനകളുടെ സഹകരണത്തോടെ വിദ്യാലയങ്ങളില്‍ തെങ്ങിന് തൈകള്‍ നടും.
ഓരോ സ്വീകരണ സമ്മേളനവും വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളുടെ നേതൃത്വത്തില്‍ പൂര്ത്തീയായികഴിഞ്ഞു. 1000 മുതല്‍ 2000 വരെയുളള തൂവെളള വസ്ത്രധാരികളായ പ്രവര്‍ത്തകര്‍ ഒരോ സ്വീകരണ സ്ഥലത്തും ജാഥാ നായകനെയും സംസ്ഥാന നേതാക്കളെയും വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും, ഗ്രീന്‍ഗാര്‍ഡ് വളണ്ടിയേഴ്സ്, ബാന്റ്, കോല്‍ക്കളി, ദഫ്മുട്ട്, തുടങ്ങിയ വാദ്യമേളങ്ങള്‍ സ്വീകരണത്തിന് കൊഴുപ്പേകും. ഓരോ സ്വീകരണത്തിലും പതിനായിരത്തില്‍ കുറയാത്ത പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുളള ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞതായി ജില്ലാ നേതാക്കള്‍ പറഞ്ഞു. സംസ്ഥാന, ജില്ലാ നേതാക്കളുടെ വാഹനങ്ങള്‍ക്കു പുറമെ മറ്റു വാഹനങ്ങള്‍ യാത്രയെ അനുഗമിക്കുന്നത് കര്‍ശനമായി നിയന്ത്രിക്കും. യാത്രയുടെ പേരില്‍ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.



