മലപ്പുറം : കേരള ലളിതകലാഅക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല നവീനമായ ദൃശ്യസംസ്കാരത്തിന് തുടക്കമിട്ടുവെന്നും കേരളത്തിന്റെ സാംസ്കാരികചരിത്രത്തില്‍ ചലിക്കുന്നൊരു പ്രസ്ഥാനമായി ലളിതകലാഅക്കാദമി മാറിക്കഴിഞ്ഞുവെന്നും പി.ഉബൈദുള്ള എം.എല്‍.എ. പറഞ്ഞു. അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന ചിത്രശാലയുടെ ജില്ലാതല പ്രദര്‍ശനോദ്ഘാടനം കോട്ടക്കുന്നില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലളിതകലാഅക്കാദമിയുടെ കര്‍മപദ്ധതികള്‍ വിവിധ മണ്ഡലങ്ങളില്‍ ഊര്‍ജസ്രോതസ്സായി മാറിയിരിക്കുന്നു. പുതിയ തലമുറയിലെ ഒട്ടേറെ പേര് ചിത്രകലാരംഗത്തേക്ക് ആകൃഷ്ടരായിക്കൊണ്ടിരിക്കുകയാണ്. നവീനമായ ഒരു സാംസ്കാരികപാരമ്പര്യം വളര്‍ത്തിയെടുക്കാന്‍ ഇത്തരം സംരംഭങ്ങള്ക്കാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദര്ശനമെത്തുകയാണെങ്കില് ഇനിയും നിരവധി പേര് ഈ രംഗത്തെത്തും. ഗ്രാമീണരായ ജനങ്ങളില്‍ ചിത്രകലാവബോധം വളര്‍ത്താന്‍ ഇത്തരം പദ്ധതികള്‍ക്കാകുമെന്ന് എം.എല്‍.എ.പറഞ്ഞു.
തുടര്‍ന്ന് ജില്ലയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയില്‍ നടത്തിയ’വര്‍ണോത്സവം’ ചിത്രരചനാക്യാമ്പ് അക്കാദമി ചെയര്മാന് പ്രൊഫ.കാട്ടൂര്‍ നാരായണപ്പിള്ള ഉദ്ഘാടനം ചെയ്തു. ്. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് പ്രദര്‍ശനം നടത്തും..
ചടങ്ങില്‍ കേരള ലളിത കലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ.ഷിബു അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ നഗരസഭാംഗം സലീന റസാക്ക്, ഡി.ടി.പി.സി സെക്രട്ടറി ഉമ്മര്‍കോയ, മുതിര്‍ന്ന ചിത്രകാരന് ദയാനന്ദന്, അക്കാദമി നിര്‍വാഹക സമിതി അംഗം ടി.ആര്.ഉദയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.. ജനുവരി 20ന് തിരുവനന്തപുരത്താരംഭിച്ച ചിത്രശാല ജില്ലകള്‍ തോറും സഞ്ചരിച്ച് പ്രദര്‍ശനം നടത്തുന്നു. ജില്ലയിലെ പ്രദര്‍ശനത്തിന് ശേഷം കോഴിക്കോട്, വയനാട്, കണ്ണൂര്‍, ജില്ലകളില്‍ പ്രദര്‍ശനം നടത്തി ഫെബ്രുവരി അഞ്ചിന് കാസര്‍കോട് സമാപിക്കും.
