ചെറുക്കേണ്ടത് സംഘപരിവാറിനെയും ബി.ജെ.പിയെയുമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സി.പി.എമ്മും സി.പി.ഐയും ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. ഇരു പാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കാലം പരിഹരിക്കും. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ സാധിക്കാതെ വന്നപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തിരിച്ചടിയാണുണ്ടായതെന്നും കറുകച്ചാലില്‍ സി.പി.ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കാനം പറഞ്ഞു.
സന്ദര്‍ഭത്തിനനുസരിച്ച് ആരെയാണ് എതിര്‍ക്കേണ്ടതെന്ന തിരിച്ചറിയുന്നിടത്താണ് കമ്മ്യൂണിസ്റ്റുകാരുടെ മികവ്. ഇന്നത്തെ നിലപാട് നമുക്ക് നാളെ മാറ്റേണ്ടി വന്നേക്കാം. ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ യോജിപ്പ് അനിവാര്യമാണ്. അതിനായി സി.പി.എമ്മും സി.പി.ഐയും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അതേസമയം, ഇടതു ചേരിയില്‍പ്പെട്ട ആര്.എസ്.പിയും ഫോര്‍വേഡ് ബ്ലോക്കും വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചേരികളിലാണ്. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യം ശക്തമാക്കേണ്ട ചുമതല സി.പി.എമ്മിനും സി.പി.ഐയ്ക്കും ഉണ്ട്. മതനിരപേക്ഷത ഏതെങ്കിലും ഒരു പാര്‍ട്ടിയ്ക്ക് മാത്രമായി ചാര്‍ത്തിക്കൊടുക്കാന്‍ കഴിയില്ല. മതനിരപേക്ഷത ശക്തിപ്പെടുത്തിയാല്‍ ന്യൂനപക്ഷ – ഭൂരിപക്ഷ വര്‍ഗീയതയെ തടയാനാകുവെന്നും കാനം പറഞ്ഞു.
