പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി അറസ്റ്റില്‍

നൈനിറ്റാല്‍: സ്ത്രീധനത്തിനായി പുരുഷ വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി അറസ്റ്റില്‍. കൃഷ്ണ സെന്‍ എന്ന പേരിലറിയപ്പെട്ട സ്വീറ്റി സെന്നിനെ ആണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാല്‍ ജില്ലയിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ബിജ്നോറിലെ ദംപൂരില്‍ നിന്നാണ് സ്വീറ്റി സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പുരുഷനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു യുവതിയുടെ തട്ടിപ്പെന്ന് നൈനിറ്റാല്‍ പൊലീസ് സൂപ്രണ്ടന്‍റ് ജംമേജെയ് ഖന്‍ദൂരി പറഞ്ഞു. 2013ലാണ് കൃഷ്ണ സെന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സ്വീറ്റി സെന്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് പുരുഷ വേഷത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഫേസ്ബുക്കിലൂടെ നിരവധി യുവതികളോട് ചാറ്റ് ചെയ്യുകയും അവരെ വശീകരിക്കുകയുമായിരുന്നു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ഹല്‍ദ്വാനിയിലെ കാത്ഗോദാമിലെത്തി യുവതിയെ നേരില്‍ കണ്ട സ്വീറ്റി സെന്‍, തനിക്ക് അലിഗഡില്‍ സി.എല്‍.എഫ് ബള്‍ബിന്‍റെ കച്ചവടമാണെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടര്‍ന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭാര്യയെ മര്‍ദിക്കുകയും ഫാക്ടറി നിര്‍മിക്കുന്നതിനായി എട്ടര ലക്ഷം രൂപ സ്ത്രീധനം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

2016 ഏപ്രിലിലാണ് കാലാദുംഗി സ്വദേശിയായ യുവതിയെ കബളിപ്പിച്ച്‌ സ്വീറ്റി സെന്‍ രണ്ടാമത്തെ വിവാഹം നടത്തിയത്. ഹല്‍ദ്വാനിയിലെ തികോനിയയില്‍ ഭാര്യയുമൊത്ത് വാടക വീട് എടുത്ത് താമസിക്കുകയായിരുന്നു. കാലാദുംഗിയില്‍ എത്തിയപ്പോള്‍ തന്നെ കൃഷ്ണ സെന്‍ പുരുഷനല്ലെന്ന് രണ്ടാമത്തെ ഭാര്യ തിരിച്ചറിഞ്ഞു. എന്നാല്‍, സംഭവം പുറത്തുപറയാതെ അവസരത്തിനായി യുവതി കാത്തിരുന്നു. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി ഹല്‍ദ്വാനി പൊലീസില്‍ യുവതി പരാതിപ്പെടുകയായിരുന്നു.

ചെറുപ്പം മുതല്‍ ആണ്‍കുട്ടിയായി ജീവിക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് സ്വീറ്റി സെന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പുരുഷനെ പോലെയാകാന്‍ മുടി മുറിക്കുകയും സിഗരറ്റ് വലിക്കുകയും മോട്ടോര്‍സൈക്കിളില്‍ കറങ്ങി നടക്കുകയും സ്വീറ്റി സെന്‍ ചെയ്തു. വൈദ്യപരിശോധനയില്‍ സ്വീറ്റി സെന്‍ യുവതിയാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *