ഇന്ത്യയില്‍ നിന്ന് മുങ്ങിയ നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയോളം വെട്ടിച്ച കേസിലെ മുഖ്യസൂത്രധാരന്‍ നീരവ് മോദിയും കുടുംബവും ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്മെന്റ്. നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു. അപ്പാര്‍ട്മെന്റിന്റെ 36ാം നിലയിലാണ് നീരവിന്റെ സ്യൂട്ടെന്നാണു റിപ്പോര്‍ട്ട്.

പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. തുടര്‍ന്നാണ് നീരവ് മോദിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്. എന്നാല്‍ നീരവിന്റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്. കുടുംബത്തില്‍ നീരവ് മോദിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്.

നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്സിയും യുഎസ് പൗരത്വമുള്ളവരാണ്.

Leave a Reply

Your email address will not be published. Required fields are marked *