മഞ്ഞക്കടലില്‍ ചെന്നൈയിന് എതിരെ ജയിച്ചു കയറാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചിയിലെ മഞ്ഞക്കടലില്‍ ചെന്നൈയിന്‍ എഫ് സിയെ തോല്‍പ്പിച്ച് സെമി യോഗ്യതക്ക് തൊട്ടരികിലെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചിയിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ലീഗ് മത്സരം കൂടിയാണ് ഇത്. അത് കൊണ്ട് തന്നെ കൊച്ചി സ്റ്റേഡിയം മഞ്ഞ പുതപ്പിക്കാന്‍ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. ഇന്നത്തെ മത്സരം ജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെമി സാധ്യത സജീവമാക്കാം. കേരളത്തിന്റെ അവസാന ലീഗ് മത്സരം ബെംഗളൂരു എഫ് സിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ വെച്ചാണ്.

ഐ എസ് എല്‍ അവസാന ഘട്ടത്തിലേക്ക് എത്തിയതോടെ സെമി സാധ്യത കല്പിക്കപെടുന്ന ഓരോ ടീമുകള്‍ക്കും എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. ബെംഗളൂരു ഒഴികെ ആരും സെമി ഉറപ്പിച്ചിട്ടില്ല എന്നതും അവസാന ഘട്ട മത്സരങ്ങള്‍ ആവേശകരമാക്കും. മറ്റു മത്സര ഫലങ്ങള്‍ അനുകൂലമാവുകയായെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് രണ്ടാം സ്ഥാനത്ത് വരെ എത്താനുള്ള സാധ്യതയുണ്ട്. നേരത്തെ ചെന്നൈയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന മിനുട്ടില്‍ സി കെ വിനീത് നേടിയ ഗോളില്‍ സമനില പിടിച്ചിരുന്നു.

സെമി സാധ്യതക്ക് കേരളത്തിന്റെ പ്രധാന എതിരാളി കൊപ്പലാശാന്റെ ജാംഷഡ്പൂര്‍ ആണ്. പക്ഷെ അവര്‍ക്കും ഇനിയുള്ള രണ്ടു മത്സരങ്ങളും കടുപ്പമേറിയതാണ്. ബെംഗളൂരുവും ഗോവയുമാണ് അവരുടെ എതിരാളികള്‍. അടുത്ത മത്സരത്തില്‍ ശക്തരായ ബെംഗളൂരുവാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ എങ്കിലും ഇന്ന് ചെന്നൈയിന് എതിരെ ജയം സ്വന്തമാക്കിയാല്‍ കേരളത്തിന് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് എത്താം. മാത്രവുമല്ല അടുത്ത മത്സരത്തില്‍ ബെംഗളൂരുവിനെ നേരിടുന്ന ജാംഷഡ്പൂരിന് ഇത് സമ്മര്‍ദ്ദം സൃഷ്ട്ടിക്കുകയും ചെയ്യും.

ചെന്നൈയിന്‍ ആവട്ടെ കഴിഞ്ഞ മത്സരത്തില്‍ അവസാന മിനുട്ടില്‍ മുഹമ്മദ് റാഫി നേടിയ ഗോളില്‍ ജാംഷഡ്പൂറിനെതിരെ സമനില പിടിച്ചാണ് ഇറങ്ങുന്നത്. മത്സരത്തിന്റെ 89മത്തെ മിനുട്ടിലാണ് റാഫി പിറകിലായിരുന്ന ചെന്നൈയിന് സമനില നേടി കൊടുക്കത്തത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ചെന്നൈയിന്‍ പരാജയം അറിഞ്ഞിട്ടില്ലെങ്കിലും ഒരു വിജയം മാത്രമേ അവര്‍ക്ക് നേടാനായിട്ടുള്ളു. മത്സരത്തില്‍ ഒരു സമനില പോലും ചെന്നൈയിന്‍ സെമി സാധ്യത വര്‍ധിപ്പിക്കുമെന്ന് ഇരിക്കെ പ്രതിരോധാത്മക കളിയായിരുക്കും ചെന്നൈയിന്‍ പുറത്തെടുക്കുക. വിലക്ക് മാറി ധന്‍പാല്‍ ഗണേഷ് ടീമില്‍ തിരിച്ചെത്തുമെങ്കിലും നാലാമത്തെ മഞ്ഞ കാര്‍ഡ് കണ്ട മാലിസണ്‍ ആല്‍വേസിന്റെ സേവനം ചെന്നൈയിന് ഇന്ന് നഷ്ട്ടമാകും. 16 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി ചെന്നൈയിന്‍ മൂന്നാം സ്ഥാനത്താണ്.

കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ വിലക്ക് മാറി ലാല്‍റുവത്താര ടീമില്‍ തിരിച്ചെത്തുന്നത് ആരാധര്‍ക്ക് ആശ്വാസമാകും. അതെ സമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരങ്ങളായ വെസ് ബ്രൗണിനും ലാകിച്ച് പെസിചിനും ഒരു മഞ്ഞ കാര്‍ഡ് കാര്‍ഡ് കൂടി കണ്ടാല്‍ ബെംഗളുരുവിനെതിരെയുള്ള നിര്‍ണായകമായ അടുത്ത മത്സരം നഷ്ട്ടമാകും. 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *