കാന്‍ബറ: മുന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് വഴി വിവാദത്തിലായ ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രി ബര്‍ണാബി ജോയിസ് രാജിവെച്ചു. തിങ്കളാഴ്ച പാര്‍ട്ടി യോഗത്തിലാണ് രേഖാമൂലം രാജിക്കത്ത് നല്‍കുക. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉപപ്രധാനമന്ത്രിക്കും മാല്‍കം ടേംബുള്‍ സര്‍ക്കാറിനും എതിരെ പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്നാണ് ബര്‍ണാബിക്ക് രാജിവെക്കേണ്ടി വന്നത്.
മുന്‍ മാധ്യമ സെക്രട്ടറി വിക്കി കാംപൈനുമായാണ് ബര്‍ണാബി ജോയിസ് ബന്ധം പുലര്‍ത്തിയിരുന്നത്. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഒൗദ്യോഗിക ചുമതലകളില്‍ നിന്ന് കഴിഞ്ഞ ഒരാഴ്ചയായി ഉപപ്രധാനമന്ത്രി അവധിയിലായിരുന്നു. നാഷണല്‍ പാര്‍ട്ടി നേതാവായ ബര്‍ണാബി ജോയിസ് 2016ലാണ് ആസ്ട്രേലിയന്‍ ഉപപ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.
വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ ജീവനക്കാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേംബുള്‍ പെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചിരുന്നു. മന്ത്രിമാര്‍ കര്‍ശനമായി പെരുമാറ്റച്ചട്ടം പാലിക്കണമെന്നും ഉത്തരവില്‍ വിശദീകരിച്ചിരുന്നു.
