സ്വാശ്രയ കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കണം: കോടിയേരി

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഇതിനായി നിയമ നിര്‍മാണം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ വാണിജ്യവത്കരണത്തിനെതിരെ ശക്തമായ നിലപാടുകള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. എസ്.എഫ്.ഐ വിദ്യാര്‍ഥി മഹാസംഗമം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്സിസ്റ്റുകാര്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്ന പ്രചാരണം തെറ്റാണ്. മാര്‍ക്സിസം മുന്നോട്ട് വയ്ക്കുന്നത് കഴുത്തറുക്കാനുള്ള ചിന്തയല്ല. കേരളത്തില്‍ 216 കമ്മ്യൂണിസ്റ്റുകാരെ കൊന്നത് ആര്‍.എസ്.എസാണ്. 250 കമ്മ്യൂണിസ്റ്റുകാരെ കൊന്നത് കോണ്‍ഗ്രസാണ്. അങ്ങനെയുള്ള കോണ്‍ഗ്രസും ആര്‍.എസ്.എസുമാണ് മാര്‍കിസ്റ്റ് ആക്രമം എന്ന പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കുന്നത്. രാജ്യത്ത് ക്രമസമാധാനന്തരീക്ഷം ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം, ഇത് തകര്‍ക്കാനാണ് ഈ പാര്‍ട്ടികള്‍ ചേര്‍ന്ന് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മരണപ്പെട്ടവരുടെ മതം നോക്കി വര്‍ഗീയ ധ്രുവീകരണം നടത്താന്‍ കോണ്‍ഗ്രസും ലീഗും രംഗത്തിറങ്ങുന്നത് ആര്‍.എസ്.എസിനെ സഹായിക്കാനാണെന്നും കോടിയേരി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *