ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കളമൊരുങ്ങുന്നു. ആര്‍കെ നഗര്‍ എംഎല്‍എ ടി.ടി.വി. ദിനകരനാണ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടി പ്രഖ്യാപനം വ്യാഴാഴ്ച മധുരയില്‍ നടക്കും.
പാര്‍ട്ടിയുടെ പേരും ചിഹ്നവും മധുരയില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് പ്രഖ്യാപിക്കുമെന്ന് ദിനകരന് വ്യക്തമാക്കി. അണ്ണാഡിഎംകെയെ ഇപ്പോഴത്തെ നേതൃത്വത്തില്‍നിന്ന് മോചിപ്പിക്കാന്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്നും ദിനകരന് പറഞ്ഞു.
ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് അണ്ണാഡിഎംകെയിലുണ്ടായ പ്രതിസന്ധികളാണ് ദിനകരന്റെ പാര്‍ട്ടി പ്രഖ്യാപനത്തിനു വഴിതെളിച്ചത്. അണ്ണാഡിഎംകെയിലെ ഇപിഎസ്-ഒപിഎസ് പക്ഷത്തുണ്ടായ വിയോജിപ്പുകള്ക്കുശേഷം ഇരുവരും കൈകോര്‍ത്തതോടെ ദിനകരനെയും ശശികലയെയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. പിന്നീട് പാര്‍ട്ടി ചിഹ്നത്തിനായി നടത്തിയ നിയപോരാട്ടത്തിലും ദിനകരന് പരാജയപ്പെട്ടു. ഇതോടെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് ദിനകരന് ഒരുങ്ങുന്നത്.
കമല്‍ഹാസന്റെ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെയാണ് ദിനകരനും പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
