ജേക്കബ് തോമസ് ബിനാമി ഇടപാടുകാരന്‍ ; രൂക്ഷ വിമര്‍ശനവുമായി എറണാകുളം മജിസ്ട്രേറ്റ് കോടതി

കൊച്ചി : വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മജിസ്ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി തുറന്നടിച്ചു. തമിഴ്നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തിവിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ നിരീക്ഷണം നടത്തിയത്.

എന്നാല്‍ ബെനാമി നിയമപ്രകാരം ഇക്കാര്യം സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട് എന്ന സാങ്കേതിക കാരണം കാണിച്ച്‌ ഹര്‍ജി കോടതി തള്ളുകയായിരുന്നു. നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ അറിയിച്ചു.

തമിഴ്നാട്ടിലെ വിരുതുനഗറില്‍ ഇസ്രാ അഗ്രോടെക് ലിമിറ്റഡ് എന്ന കമ്ബനിക്കായി വാങ്ങിയ അന്‍പത് ഏക്കറോളം ഭൂമിയുടെ വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാണ് ജേക്കബ് തോമസ് ബെനാമി ഇടപാടുകാരനാണ് കോടതി നിരീക്ഷിച്ചത്. ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് സ്രാവുകള്‍ക്കൊപ്പം നീന്തുമ്ബോള്‍ എന്ന പുസ്തകത്തില്‍ ഡിജിപി സമ്മതിച്ചിട്ടുണ്ട്.

തന്റെ പേര് ഉപയോഗിക്കാന്‍ അനുവദിച്ചു എന്നാണ് വിശദീകരണം. എന്നാല്‍ കമ്ബനിയുടെ രേഖയില്‍ ജേക്കബ് തോമസിന്റെ വിലാസമായി കാണിച്ചിട്ടുള്ളത്, എറണാകുളം മറൈന്‍ ഡ്രൈവിലെ പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് എന്ന മറ്റൊരു കമ്ബനിയുടെ ഓഫീസാണ്. ഇസ്രാ അഗ്രോടെക്കിനാകട്ടെ ജേക്കബ് തോമസ് എന്ന പേരില്‍ മറ്റൊരു ഡയറക്ടര്‍ ഇല്ലെന്ന് റജിസ്ട്രാര്‍ ഓഫ് കമ്ബനീസില്‍ നിന്നുള്ള ഉടമസ്ഥത സംബന്ധിച്ച രേഖ പരിശോധിച്ച്‌ കോടതി ഉറപ്പാക്കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 1988ലെ ബെനാമി ഇടപാട് നിരോധന നിയമം പ്രകാരം ജേക്കബ് തോമസിനെ ബെനാമിദാര്‍ അഥവാ ബിനാമി ഇടപാടുകാരന്‍ എന്ന് വിളിക്കാമെന്ന് തന്നെ കോടതി വ്യക്തമായി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *