ശുഹൈബ് വധം: സിബിഐ അന്വേഷണ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

കൊച്ചി: കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി ഏഴിനാണ് ശുഹൈബ് വധക്കേസില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചായിരുന്നു ജസ്റ്റിസ് കമാല്‍ പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ശുഹൈബിന്റെ മാതാപിതാക്കളായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാരിന്റെ ശക്തമായ വാദങ്ങളെ തള്ളിയായിരുന്നു കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്നും അതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. എത്രയും വേഗം കേസന്വേഷണം തുടങ്ങണമെന്നും പ്രത്യേക അന്വേഷണസംഘം കേസ് ഡയറി സിബിഐയ്ക്ക് ഉടന്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികളെയെല്ലാം പൊലീസ് പിടികൂടിയെന്നും ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്.

കേസ് സിബിഐയ്ക്ക് വിട്ടുള്ള ഹൈക്കോടതി ഉത്തരവ് സര്‍ക്കാരന് വന്‍ തിരിച്ചടി ആയിരുന്നു. കേസില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി സഭയില്‍ പ്രഖ്യാപിച്ച ദിവസമായിരുന്നു കോടതിയുടെ ഉത്തരവ് വന്നത്. സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നത് കണ്ണൂരിലെ മുതിര്‍ന്ന പാര്‍ട്ടി സഖാക്കള്‍ കേസില്‍ കുടുങ്ങുമെന്ന ഭയം കൊണ്ടാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *