തിരുവനന്തപുരം: ചെങ്ങന്നൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടത് മുന്നണി തീരുമാനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ ശ്രദ്ധേയനായ സജി ചെറിയാന്‍ 2006ല്‍ കോണ്‍ഗ്രസിലെ പി.സി.വിഷ്ണുനാഥിനെതിരെ മത്സരിച്ച് തോറ്റിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സജിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമാകുമെന്നാണ് ഇടത് മുന്നണിയുടെ കണക്കുകൂട്ടല്‍. നേരത്തെ, സജി ചെറിയാന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി സമ്മതം മൂളിയതോടെയാണ് സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്.
ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ.രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോണ്‍ഗ്രസിലെ ഡി.വിജയകുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ബി.ജെ.പി നേതാവ് അഡ്വ.ശ്രീധരന്‍ പിള്ള എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായും മത്സരിക്കും.
