ലീഗുകാര്‍ കൊലപ്പെടുത്തിയത് 44 പേരെ; പട്ടികയുമായി മന്ത്രി ജലീല്‍ സഭയില്‍

തിരുവനന്തപുരം > രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് സിപിഐ എമ്മിനെ കുറ്റപ്പെടുത്തിയ മുസ്ളിംലീഗിന് നിയമസഭയില്‍ മന്ത്രി കെ ടി ജലീലിന്റെ മറുപടി. ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരില്‍ ഏതാനും പേരുകള്‍ മന്ത്രി വായിച്ചപ്പോള്‍ പരിഹാസ്യരായ ലീഗ് അംഗങ്ങള്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ബഹളം വച്ചു. എന്നാല്‍, ലീഗുകാര്‍ കൊലപ്പെടുത്തിയ 44 പേരുടെ ലിസ്റ്റ് ജലീല്‍ സഭയുടെ മേശപ്പുറത്തുവച്ചു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തപ്പോള്‍ അത് തടയാന്‍ കേരളത്തിലെ സിപിഐ എം നേതാക്കള്‍ അവിടേക്ക് പോകാത്തതെന്തെന്ന ലീഗിന്റെ പരിഹാസം, ബാബ്റി മസ്ജിദിന്റെ താഴികക്കുടം തകര്‍ത്തുകൊണ്ടിരിക്കെ എന്തേ നിങ്ങള്‍ തടഞ്ഞില്ലെന്ന് മുസ്ളിങ്ങളോടുള്ള ആര്‍എസ്‌എസ് ചോദ്യത്തിന്റെ തനിയാവര്‍ത്തനമാണന്നും കെ ടി ജലീല്‍ പറഞ്ഞു.

തദ്ദേശഭരണവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയ്ക്ക് മറുപടി പറയുമ്ബോഴാണ് കെ ടി ജലീല്‍ ലീഗിന്റെ അക്രമവിരുദ്ധ കപടമുഖത്തെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലെ സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് അംഗങ്ങള്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഈ ആവേശത്തിനിടെ പലപ്പോഴും സംഘപരിവാറിനെ ന്യായീകരിക്കുന്ന അവസ്ഥയുണ്ടായി.

രണ്ടു കുടുംബത്തിലെ രണ്ട് സഹോദരന്മാരെയാണ് ലീഗ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ജലീല്‍ പറഞ്ഞു. മണ്ണാര്‍ക്കാട്ട് സഹോദരങ്ങളായ ഹംസ, നൂറുദീന്‍ എന്നിവരെയും അരീക്കോട് കുനിയില്‍ അബൂബക്കര്‍, ആസാദ് എന്നിവരെയും കൊലപ്പെടുത്തി. ഓമശേരിയിലെ മദ്രസ്സയിലാണ് കെ ടി സി അബ്ദുള്‍ റഹ്മാനെ ലീഗുകാര്‍ കൊലപ്പെടുത്തിയത്. തിരൂരങ്ങാടി കുണ്ടൂരില്‍ അബ്ദുള്‍ഖാദര്‍ മുസ്ളിയാരുടെ മകന്‍ കുഞ്ഞുവിനെ റമദാനിലാണ് ലീഗുകാര്‍ കുത്തിക്കൊന്നത്. കുറ്റിമുച്ചി അബ്ദുവിനെയും പള്ളിയില്‍ കയറി കൊലപ്പെടുത്തി. നാദാപുരത്ത് സമീര്‍ ഉള്‍പ്പെടെ അഞ്ച് ലീഗുകാര്‍ കൊല്ലപ്പെട്ടത് നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയാണ്.

കെ ടി ജലീല്‍ പട്ടിക ഓരോന്നായി വായിച്ചുതുടങ്ങിയതോടെ ലീഗുകാര്‍ ബഹളം വച്ചു. മണ്ണാര്‍ക്കാട്ടെ ഇരട്ടക്കൊലപാതകത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ എന്‍ ഷംസുദീനും കുനിയില്‍ ഇരട്ടക്കൊലപാതകത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ പി കെ ബഷീറും ബഹളം വച്ചു. കുണ്ടൂര്‍ കുഞ്ഞുവിന്റെ കൊലപാതകത്തെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ പി കെ അബ്ദുറബ്ബിനായി അരിശം. ഇതൊക്കെ ഇവിടെയെന്തിന് പറയുന്നുവെന്നായി ഷംസുദീന്‍. എന്നാല്‍, ഇവിടെത്തന്നെ പറയുമെന്ന് പറഞ്ഞ ജലീല്‍, ഈ കൊല്ലപ്പെട്ടവരെല്ലാം ലീഗിന് എതിരായിരുന്നുവെന്ന് ജലീല്‍ വ്യക്തമാക്കി. മന്ത്രിയുടെ പരാമര്‍ശം രേഖയില്‍നിന്ന് നീക്കണമെന്ന് ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *