കോഴിക്കോട്-രോഗക്കിടക്കയില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ലിനി ഒടുവില്‍ ആതുരസേവനത്തിന്റെ രക്തസാക്ഷിയായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നീപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയേറ്റ ലിനി ഒടുവില്‍ സ്വന്തം ജീവന് തന്നെ ബലികൊടുക്കേണ്ടി വന്നു. ലിനിയുടെ മൃതശരീരത്തില്‍ നിന്ന് വൈറസ് ബാധ മറ്റുള്ളവരിലേക്ക് പകരുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ഇലക്ട്രിക് മോര്‍ച്ചറിയില്‍ എരിഞ്ഞടങ്ങുകയായിരുന്നു. നഴ്്സുമാരുടെ തൊഴില്‍ നേരിടുന്ന വെല്ലുവിളികളുടെ രക്തസാക്ഷിയായാണ് ലിനി എന്ന നഴ്്സ് എരിഞ്ഞടങ്ങിയത്.
പേരാമ്പ്ര ചെല്ലനോട കൊറത്തിപ്പാറയിലെ പരേതനായ പുതുശേരി നാണുവിന്റെ മകളായ ലിനി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു. ബഹ്റൈനില്‍ ജോലി ചെയ്യുന്ന വടകര സ്വദേശി സജീഷിന്റെ ഭാര്യയാണ്. റിഥുല്‍ (അഞ്ച്),സിദ്ദാര്‍ഥ് (രണ്ട്) എന്നിവര്‍ മക്കളാണ്.
മുന്നു ദിവസം മുമ്പാണ് ആശുപത്രിയില്‍ ജോലിക്കിടെ ലിനിക്ക് വൈറസ് ബാധയേറ്റത്.പനി മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. എന്നാല്‍ ലിനി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുക പോലും ചെയ്യാതെ കോഴിക്കോട് വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കുകയായിരുന്നു.
