ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍

മലപ്പുറം: തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസനമാണ് ആവശ്യം- ജില്ലാ കലക്ടര്‍
പാവപ്പെട്ടവര്‍ക്കു രണ്ടു നേരത്തെ ഭക്ഷണം ഉറപ്പു വരുത്തുന്നതിന് അവരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കും മറ്റ് പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക വിഭാഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2016-17 ലെ വാര്‍ഷിക പദ്ധതി രൂപവത്ക്കരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന മികവും സാങ്കേതികതികവുമുള്ള ധാരാളം ചെറുപ്പക്കാര്‍ ഇന്ന് നമ്മുടെ സംസ്ഥാനത്തുണ്ട്. അവരുടെ കഴിവുകള്‍ രാഷ്ട്ര നിര്‍മിതിക്ക് ഉപയോഗപ്പെടുത്തണം. എം.പി.- എം.എല്‍.എ. ഫണ്ട്, പ്ലാന്‍ ഫണ്ട് തുടങ്ങിയവ അര്‍ഥവത്തായി ഉപയോഗപ്പെടുത്തുന്നതിനുള്ള ആസൂത്രണം വേണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്തിനുള്ള പ്ലാന്‍ ഫണ്ടില്‍ പുതിയ ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.87 കോടിയുടെ കുറവുണ്ടെന്നും സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശ പ്രകാരം അനിവാര്യമായും വകയിരുത്തേണ്ട പദ്ധതികള്‍ക്കു തന്നെ ആറു കോടിയുടെ കുറവുണ്ടെന്നും വികസന സെമിനാര്‍ വിലയിരുത്തി.

ഐ.എ.വൈ.ക്ക് 23 കോടി, എസ്.എസ്.എ.ക്ക് നാലു കോടി, വനിതാ ഘടക പദ്ധതിക്ക് 5.68 കോടി, ഭിന്നശേഷിക്കാര്‍- വയോജനങ്ങള്‍- കുട്ടികള്‍ എന്നിവര്‍ക്കായി 2.84 കോടി എന്നിങ്ങനെയാണ് പൊതുഫണ്ടില്‍ നിന്ന് അനിവാര്യമായി നീക്കിവെക്കേണ്ടത്. ബഹു വര്‍ഷ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 8.74 കോടിയും വേണം. ഈ പദ്ധതികള്‍ക്ക് മാത്രമായി 44.33 കോടി വേണമെന്നിരിക്കെ 38.33 കോടിയാണ് പദ്ധതി വിഹിതമായി ലഭിക്കുക.
അതേസമയം, പരിമിതികള്‍ക്കുള്ളിലും നവീനമായ നിരവധി വികസന പദ്ധതികള്‍ കരടുരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന് വരുന്ന അധിക നിര്‍ദ്ദേശങ്ങളും ഭേദഗതികളും കൂടി ഉള്‍പ്പെടുത്തി അന്തിമ പദ്ധതി രേഖയ്ക്ക് ഫെബ്രുവരി 27 നകം അംഗീകാരം നേടും. ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ നടന്ന വികസന സെമിനാറില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. 2016-17 ലെ കരട് പദ്ധതി രേഖ വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന് നല്‍കി ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ കെ.പി. ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷോര്‍, അംഗങ്ങളായ എ.കെ. അബ്ദുറഹ്മാന്‍, വെട്ടം ആലിക്കോയ, ടി.കെ. റഷീദലി, സെക്രട്ടറി എ. അബ്ദുല്ലത്തീഫ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.കെ.എ. റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളെ കൂടാതെ ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *