മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ വിദ്യാര്‍ത്ഥിനി മരം വീണ് മരിച്ചു. ശ്രീകൃഷ്ണ കോളജിലെ ഒന്നാംവര്‍ഷ എക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി അനുഷയാണ് മരിച്ചത്. അഞ്ച് വിദ്യാര്‍ത്ഥിനികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നയന, സുജില, ഹരിത, ശ്രീലക്ഷ്മി എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥിനികള്‍. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവര്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ കലോത്സവത്തിനിടെയാണ് അപകടം. കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ക്യാമ്പസിലെ വൈശാലി പാറയ്ക്കു സമീപത്തെ മരം വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് കടപുഴകി വീഴുകയായിരുന്നു. മരച്ചുവട്ടില്‍ ഇരുന്ന കുട്ടികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ മുതല്‍ തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റ് വീശുന്നുണ്ട്. കാറ്റില്‍പെട്ട് മരം കടപുഴകി വീഴുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

കലോത്സവത്തിന്റെ സ്റ്റേജിതര മത്സരമാണ് ശ്രീകൃഷ്ണ കോളജില്‍ നടക്കുന്നത്. ബുധനാഴ്ചയാണ് മത്സരം തുടങ്ങിയത്. നാളെ മുതല്‍ സ്റ്റേജ് ഇനങ്ങള്‍ നടക്കാനിരിക്കുകയാണ്. മത്സരങ്ങള്‍ക്കായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ എത്തുന്ന ക്യാമ്പസിലാണ് ദുരന്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് കലോത്സവം മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *