വികസനം സമ്പൂര്‍ണമാവാന്‍ സുതാര്യത ഉറപ്പുവരുത്തണം : രാജ്യസഭ ഉപാധ്യക്ഷന്‍

പത്തനംതിട്ട: സുതാര്യതയും അവലോകനവും ഉറപ്പുവരുത്തിയാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണതയിലെത്തിക്കാന്‍ കഴിയുകയുള്ളുവെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. എം.പിമാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തിയ പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാനായി കളക്ടറേറ്റില്‍ സജ്ജീകരിച്ച എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം അവലോകനം ചെയ്യുന്നത് പുരോഗതിക്ക് ആക്കംകൂട്ടും. ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഇതിനായി പ്രയോജനപ്പെടുത്തണം. സര്‍ക്കാര്‍ ചെലവഴിക്കുന്ന ഓരോ രൂപയും പൂര്‍ണമായും പൊതുജനങ്ങളിലെത്തിക്കണമെന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. എം.പി ലാഡ്‌സ് ഫെസിലിറ്റേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്ത ജില്ലാ കളക്ടറെയും ജില്ലാ പ്ലാനിംഗ് ഓഫീസറെയും അദ്ദേം പ്രത്യേകം അഭിനന്ദിച്ചു. ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ അധ്യക്ഷത വഹിച്ചു. ഫെസിലിറ്റേഷന്‍ സെന്ററില്‍ സ്ഥാപിച്ച എല്‍.ഇ.ഡി സ്‌ക്രീനിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ ആമിന, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ സാബു സി.മാത്യു, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *