പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസ്സില്‍ കോടതിയില്‍ ഹാജരായി റിമാന്റ് ചെയ്ത സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് കൂടുതല്‍ വിദഗ്ധ പരിശോധന വേണമെന്ന് ഡോക്ടര്‍മാര്‍.

ഇതിനായി കൂടുതല്‍  സൗകര്യമുള്ള ആശുപത്രിയിലേക്ക് ജയരാജനെ മാറ്റേണ്ടി വരുമെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ശ്രീചിത്ര, ബംഗളൂരു ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട്, ദല്‍ഹി എയിംസ് തുടങ്ങിയ ആശുപത്രികള്‍ പരിഗണനയിലുണ്ട്.

നാല് തവണ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ജയരാജന്‍ തനിക്ക് വീണ്ടും നെഞ്ചുവേദന അനുഭപ്പെടുന്നുണ്ട് എന്ന ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മെഡിക്കല്‍കോളേജില്‍ വിദ്ഗ്ധ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ ഈ പരിശോധനയില്‍ കാര്യമായ കുഴപ്പങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ്  കൂടുതല്‍ വിദഗ്ധ പരിശോധനക്കായി മറ്റ് ആശുപത്രികള്‍ ഡോക്ടര്‍മാര്‍ പരിഗണിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തല്‍കാലം തൃപ്തികരമാണെന്നും എന്നാല്‍, ഹൃദയാഘാതത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജിലെ ന്യൂറോ, മെഡിസിന്‍, ഫിസിക്കല്‍ മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗങ്ങളിലെ ഏഴ് ഡോക്ടര്‍മാരടങ്ങിയ സംഘമാണ് ജയരാജനെ പരിശോധിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി തനിക്ക് തലചുറ്റല്‍ അനുഭവപ്പെടുന്നുണ്ടെന്ന് ജയരാജന്‍ ഡോക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ജയരാജനെ കാര്‍ഡിയോളജി  ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു.

എന്നാല്‍ കാര്‍ഡിയോളജി വിഭാഗം മേധാവിയടക്കമുള്ള ഡോക്ടര്‍മാരുടെ സംഘം  വിശദപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും  ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ശേഷം ജയരാജന്റെ ആരോഗ്യനിലയില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്നും ഇ.സി.ജിയില്‍ അസ്വഭാവികമായ ഒന്നും കാണിക്കുന്നില്ലെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *