തിരൂര്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാപുരസ്‌കാരം നേടിയ കവിയും ഗ്രന്ഥകാരനുമായ ദേശമംഗലം രാമകൃഷ്ണനെ മലയാളസര്‍വകലാശാല അനുമോദിച്ചു. കാമ്പസിലെ ചിത്രശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കവിയെ പൊന്നാടയണിയിച്ചു.
സമകാലീന യാഥാര്‍ത്ഥ്യങ്ങളോട് ധീരമായി പ്രതികരിക്കുന്ന കവിയാണ് ദേശമംഗലമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. സമൂഹത്തിലെ അധാര്‍മികതയില്‍ മനം നൊന്ത് അസ്വസ്ഥരാവുന്നവരാണ് കവികള്‍. ഈ ആകുലതകള്‍ കവിതകളായി പുറത്ത് വരുമ്പോഴാണ് അവര്‍ സമാശ്വസിക്കുന്നത്.
ഉണര്‍ന്നിരിക്കുന്ന മനസ്സുമായി നമ്മളിലൊരാളായി ജീവിക്കുന്ന ദേശമംഗലത്തിന് ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, ഭാഷാശാസ്ത്രവിഭാഗം ഡീന്‍ ഡോ. എം. ശ്രീനാഥന്‍, സാഹിത്യപഠനവിഭാഗം അസി. പ്രൊഫസര്‍ ഡോ. സി. ഗണേഷ്, വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ വിനീഷ്. എ.കെ എന്നിവര്‍ ദേശമംഗലത്തിന്റെ കൃതികളെ വിലയിരുത്തി സംസാരിച്ചു. വേട്ടക്കാരന്‍ ഉപേക്ഷിച്ച ഒറ്റ മൃഗമാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ദേശമംഗലം പറഞ്ഞു. നിസ്സംഗനായിരിക്കുകയാണ് ജീവിതത്തിലെ ആദര്‍ശമെന്നും അദ്ദേഹം പറഞ്ഞു.
വയോജനങ്ങള്‍ക്കായി കര്‍മ്മപദ്ധതി വേണം
തിരൂര്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥ ഉറപ്പുവരുത്താന്‍ വയോജനങ്ങള്‍ക്കായി സവിശേഷമായ കര്‍മപദ്ധതിആവിഷ്‌ക്കരിക്കാന്‍ പൊതുസമൂഹവും ഗവണ്‍മെന്റും മുന്‍കൈ എടുക്കണമെന്ന് സാമൂഹ്യശാസ്ത്ര വിദഗ്ദ്ധനായ ഡോ. ജേക്കബ് ജോണ്‍ കട്ടക്കയം അഭിപ്രായപ്പെട്ടു. പ്രായമായവര്‍ക്കായി പുതിയ തൊഴില്‍ മേഖലകള്‍ ഉണ്ടാകണം. വൃദ്ധജനങ്ങള്‍ നിഷ്‌ക്രിയരും അലസരുമാവാതിരിക്കാന്‍ യുവ തലമുറ ശ്രദ്ധിക്കണമെന്നും മലയാളസര്‍വകലാശാലയില്‍ സാമൂഹ്യശാസ്ത്ര പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരമ്പരയില്‍ ‘പ്രായമേറുന്ന സമൂഹം’ എന്ന വിഷയത്തില്‍ സമാപന പ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
സെന്‍സസ്സ് അനുസരിച്ച് അറുപത് വയസ്സിന് മേല്‍ പ്രായമായ പതിനൊന്ന് കോടി ജനങ്ങളുണ്ട് ഇന്ത്യയില്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വയോജന നയം കൊണ്ടുവന്നെങ്കിലും ഇവര്‍ക്കായി ഫലപ്രദമായ പദ്ധതികള്‍ ഇനിയും ഉണ്ടായിട്ടില്ല. പ്രായമായവരോടുള്ള യുവ തലമുറയുടെ മനോഭാവം മാറണം. അവരെ ആദരിക്കാനും ഉള്‍ക്കൊള്ളാനും കഴിയണം. ഈ രംഗത്ത് പഠന ഗവേഷണ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് ‘സാമൂഹ്യശാസ്ത്രത്തിന്റെ ശാസ്ത്രീയത’ എന്ന വിഷയത്തില്‍ ഡോ. സജി പി. ജേക്കബ് (ലയോള കോളേജ്, തിരുവനന്തപുരം) പ്രഭാഷണം നടത്തി. പരിസ്ഥിതിപഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാലിന്യ സംസ്‌കരണവും കൃഷിയും എന്ന വിഷയത്തില്‍ ബാബു വേങ്ങരി ക്ലാസ്സെടുത്തു.
