കൊല്ലം: തെരഞ്ഞെടുപ്പു ഗോദയില്‍ സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ച് മുന്നോട്ടുപോകുന്ന മുസ്ലിം ലീഗിന് സ്വന്തം പാളയത്തില്‍ തന്നെ പടയൊരുക്കും. കൊല്ലം ജില്ലാ പ്രസിഡന്റും മുന്‍ എം.എല്‍.എ.യുമായ എ.യൂനസ് കുഞ്ഞാണ് വിമതഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരവിപുരം സീറ്റ് വിട്ടുകൊടുത്ത് ചടയമംഗലം എറ്റെടുക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തെയാണ് ജില്ലാ പ്രസിഡന്റ് എതിര്‍ക്കുന്നത്. ഇരവിപുരമില്ലെങ്കില്‍ കരുനാഗപ്പള്ളി സീറ്റെങ്കിലും കിട്ടണം. അല്ലെങ്കില്‍ താന്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്ന് യൂനസ് കുഞ്ഞ് ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്.
യു.ഡി.എഫിലെ സീറ്റ് ധാരണപ്രകാരമാണ് മുസ്ലിം ലീഗ് ഇരവിപുരം വിട്ടുകൊടുത്തത്.ഇവിടെ ആര്‍.എസ്.പി. മല്‍സരിക്കാനാണ് യു.ഡി.എഫ് ധാരണ. എന്നാല്‍ ഇരവിപുരം വിട്ടുനല്‍കുമ്പോള്‍ കരുനാഗപ്പള്ളി കിട്ടണമെന്നാണ് മുസ്്‌ലിം ലീഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍ ചടയമംഗലത്ത് ലീഗ് മല്‍സരിക്കണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നാണ് യൂനസ്‌കുഞ്ഞ് പറയുന്നത്.ഇതോടെ കൊല്ലം ജില്ലയിലെ ലീഗ് സീറ്റ് സംബന്ധിച്ച് യൂ.ഡി.എഫില്‍ വീണ്ടും ചര്‍ച്ച വേണ്ടി വരും.
തിരുവമ്പാടി സീറ്റില്‍ ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ മണ്ഡലത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതിനിടെയാണ് കൊല്ലത്തു നിന്ന് ലീഗ് നേതൃത്വത്തിന് പുതിയ തലവേദന. കൊല്ലം ജില്ലയില്‍ ലീഗ് സ്ഥാനാര്‍ഥി ആരാകണമെന്നതിനെ ചൊല്ലിയും തര്‍ക്കങ്ങളുണ്ട്.ഡി.വൈ.എഫ്.ഐയില്‍ നിന്ന് രാജി വച്ച് മുസ്ലിം ലീഗിലെത്തിയ ശ്യാംസുന്ദറിനെ ചടയമംഗലത്ത് മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതായാണ് അറിയുന്നത്.ശ്യാം സുന്ദറിന് സീറ്റ് നല്‍കിയാല്‍ യൂനസ് കുഞ്ഞ് വിമതസ്ഥാനാര്‍ഥിയായി മല്‍സരരംഗത്തുണ്ടാകും.കൊല്ലത്തെ പ്രമുഖ വ്യവസായിയായ യൂനസ്‌കുഞ്ഞ് 1992 ല്‍ മലപ്പുറം മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭാംഗമായിരുന്നു.
