കോഴിക്കോട്: യു ഡി എഫിന് കീറാമുട്ടിയാവുകയാണ് തിരുവാമ്പാടി മണ്ഡലം. സഭയെ പിന്തുണയ്ക്കണമോ അതോ ഭരണതുടര്‍ച്ചക്ക് നിര്‍ണായകമാവുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെ വേണമോ എന്ന ആശയകുഴപ്പത്തിലാണ് യു ഡി എഫ് നേതൃത്വം. സഭ കടുപ്പിച്ചാണ്. ഒപ്പം ലീഗും. പാണക്കാട് തങ്ങള്‍ ഒരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ പിന്നെ അതു മാറ്റുക ലീഗിന് ചിന്തിക്കാന്‍ കഴിയില്ല. അതേ പോലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ താത്പര്യം അടിയറവെച്ചപ്പോള്‍ യു ഡി എഫ് നേതൃത്വത്വത്തിന്റെ വാഗ്ദാനമായിരുന്നു ഇക്കുറി സഭയ്ക്ക് പ്രാധാന്യം നല്കാമെന്നത്. കുഞ്ഞാലിക്കുട്ടി നല്കിയ കത്ത് തെരഞ്ഞെടുപ്പില്‍ വിവാദമാവുന്നുമു ണ്ട്. തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാതെ മുസ്ലിം ലീഗ് ഉറച്ചു നില്ക്കുമ്പോള്‍ കത്തോലിക്ക സഭയുടെ പിന്തുണയോടെ എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് മലയോര വികസന സമിതി മുന്നറിയിപ്പും നല്കിയിട്ടുണ്ട്.
സഭ കടുത്ത നിലപാടിലാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കര്‍ശന നിലപാട് സ്വീകരിച്ചതാണ് കത്തോലിക്ക സഭ, പ്രത്യേകിച്ച് താമരശ്ശേരി ബിഷപ്പ് റമീജീയോസ് ഇഞ്ചനാനിയില്‍. വടക്കന്‍ മലബാറില്‍ കത്തോലിക്ക സഭ ചോദിക്കുന്ന ഏക സീറ്റ് തിരുവാമ്പാടിയാണ്. എന്നാല്‍ അത് പ്രഖ്യാപിച്ചതിനാല്‍ വിട്ടുകൊടുക്കാന്‍ ലീഗും തയ്യാറല്ല. മലയോര വികസന സമിതി ചെയര്‍മാന്‍ ചാക്കോ കാളാംപറമ്പില്‍ അടക്കമുള്ള നേതാക്കള്‍ ഇക്കുറി കടുത്ത നിലപാടിലാണ്. കഴിഞ്ഞ തവണ യു ഡി എഫിലെ സമവായത്തിന്റെ പിന്തുണയില്‍ സഭ ലീഗിനെ പിന്തുണയ്ക്കുകയായിരുന്നു. അടുത്ത തവണ സഭ പറയുന്ന സ്ഥാനാര്‍ഥിയെ പരിഗണിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു ഇത്. ഇക്കുറി തിരുവാമ്പാടി കോണ്‍ഗ്രസിന് നല്കുമെന്നും അവിടെ സഭ പറയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന ധാരണയും മുന്നേ ഉണ്ടായിരുന്നു. ഈ ധാരണാ കത്ത് അടുത്ത ദിവസം പുറത്തു വിടുമെന്ന വെല്ലുവിളിയാണ് മലയോര വികസന സമിതി പറയുന്നത്. പരസ്പര ചര്‍ച്ചയില്‍ സ്ഥാനാര്‍ഥിയെ മാറ്റാമെന്ന് ലീഗ് നേതൃത്വം പറഞ്ഞെന്നാണ് സഭ പറയുന്നത്.
കാര്‍ഷികോത്പന്നങ്ങളുടെ വിലതകര്‍ച്ച, ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവയാണ് സഭ കാണുന്ന മുഖ്യ പ്രശ്‌നങ്ങള്‍.
ലീഗ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ലെങ്കില്‍ കൃസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള കൊടുവള്ളി, പെരിന്തല്‍മണ്ണ, പേരാമ്പ്ര, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍, നാദാപുരം മേഖലകളില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് മലയോര വികസന സമിതി നിലപാട്.
ഈ സാഹചര്യത്തില്‍ സി പി എം ക്രിസ്ത്യന്‍ സമുദായാംഗമായ ആളെ നിര്‍ത്തി സഭയുടെ പിന്തുണ ആര്‍ജ്ജിക്കാനാണ് ശ്രമിക്കുന്നത്.
