ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാവുന്ന ലോക സൂഫി ഫോറത്തില്‍ കേരളത്തില്‍ നിന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കും. വിജ്ഞാന്‍ ഭവനില്‍ വ്യാഴാഴ്ച വൈകിട്ടാണ് സമ്മേളനം നടക്കുക. ഉദ്ഘാടന വേദിയില്‍ മോദിക്കൊപ്പം കാന്തപുരവുമുണ്ടാവും. ഓള്‍ ഇന്ത്യ ഉലമ ആന്റ് മശായിഖ് ബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിക്കും ഈജിപ്ത് മുഫ്തി ഇബ്രാഹീം അബ്ദുല്‍ കരീം അല്ലാം, യമനിലെ മുഹമ്മദ് ബിന്‍ യഹ്യ അല്‍നിനവി, തുര്‍ക്കിയിലെ ഡോ ഹസന്‍ കാമില്‍ യില്‍മാസ് ജോര്‍ദാനിലെ ഡോ അബ്ദുര്‍ റഹീം തുടങ്ങിയവര്‍ പങ്കെടുക്കും. വെള്ളി, ശനി ദിവസങ്ങളില്‍ ഇന്ത്യാ ഇസ്ലാമിക് സെന്ററില്‍ അന്താരാഷ്ട്ര സൂഫി സെമിനാര്‍ നടക്കും.
