ദേശീയ പണിമുടക്ക്: തുറന്ന കടകളെ അടപ്പിച്ച്‌ പണിമുടക്ക് ഹര്‍ത്താല്‍ അനുകൂലികള്‍

മഞ്ചേരി: ദേശീയപണിമുടക്കിനോട് അനുബന്ധിച്ച്‌ മലപ്പുറം മഞ്ചേരിയിലും കായംകുളത്തും കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കാന്‍ പണിമുടക്ക് അനുകൂലികള്‍ ശ്രമിച്ചു. മഞ്ചേരിയില്‍ ആദ്യം അടച്ച കടകള്‍ പിന്നീട് വീണ്ടും തുറന്നപ്പോള്‍ അടപ്പിക്കാന്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഇപ്പോള്‍ കനത്ത പൊലീസ് കാവലിലാണ് കടകള്‍ തുറന്ന് വച്ചിരിക്കുന്നത്.

രാവിലെ ഏഴ് മണിയോടെയാണ് മഞ്ചേരി മാര്‍ക്കറ്റിലെ നാലോ അഞ്ചോ കടകള്‍ തുറന്നത്. ഇതിന് പിന്നാലെ കടകളടക്കണമെന്ന ആവശ്യവുമായി സമരാനുകൂലികള്‍ എത്തി. എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ വ്യാപാരികള്‍ കടകളടക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ രാവിലെ പത്ത് മണിയോടെ വീണ്ടും വ്യാപാരികള്‍ സംഘടിച്ച്‌ കടകള്‍ തുറന്നു.

ഇതോടെ വീണ്ടും പണിമുടക്ക് അനുകൂലികള്‍ സ്ഥലത്തെത്തി കടകള്‍ അടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വ്യാപാരികളും സമരക്കാരും പരസ്പരം നേര്‍ക്കു നേര്‍ നിന്ന് മുദ്രാവാക്യം വിളിയായി. സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴി മാറിയതോടെ പൊലീസ് ഒരു മതില്‍ പോലെ നിന്നാണ് ഇരു കൂട്ടരെയും മാറ്റിയത്.

ഇപ്പോള്‍ കനത്ത പൊലീസ് കാവലിലാണ് മഞ്ചേരി മാര്‍ക്കറ്റില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നത്. സ്ഥലത്ത് പൊലീസ് സുരക്ഷ കൂട്ടിയതോടെ സംഘര്‍ഷസാധ്യത ഒഴിവായി.

കായംകുളത്തും സമാനമായ രീതിയിലാണ് കടകള്‍ അടപ്പിക്കാന്‍ ശ്രമം നടന്നത്. കായംകുളം നഗരത്തിലെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സില്‍ കടകള്‍ അടപ്പിക്കാന്‍ എത്തിയ പണിമുടക്ക് അനുകൂലികള്‍ ഒരു വ്യാപാരിയെ കയ്യേറ്റം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *