അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്, ഈ മാസം 10 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യയിലെ ഭൂമിതര്‍ക്കക്കേസിലെ വാദം ചീഫ് ജസ്‌റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ തീരുമാനം. ഈ മാസം 10 മുതലാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്‌റ്റിസിന് പുറമെ ജസ്‌റ്റിസുമാരായ എസ്.എ.ബോഡ്‌ബെ, എന്‍.വി.രാമന, യു.യു.ലളിത്, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചില്‍.

ഭൂമി മൂന്നായി വിഭജിച്ച്‌ നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 അപ്പീലുകളാണ് ബെഞ്ച് പരിഗണിക്കുക. അയോദ്ധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച്‌ നല്‍കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകള്‍ സുപ്രീം കോടതിയ്‌ക്ക് മുന്നിലെത്തിയത്. ഇതിന് പുറമെ അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതിയ്‌ക്ക് മുന്നിലുണ്ട്.

അതേസമയം, സുപ്രീംകോടതി വിധി കാത്ത് നില്‍ക്കാതെ രാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്നാണ് ആര്‍.എസ്.എസ്, വി.എച്ച്‌.പി തുടങ്ങിയ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓഡിനന്‍സ് പുറപ്പെടുവിക്കണമെന്നും സംഘടകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി നടപടികള്‍ പൂര്‍ത്തിയായ ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *