കോഴിക്കോട്: മകരവിളക്ക് ദിനത്തില്‍ 10000 മല അരയ കുടുംബങ്ങള്‍ ശബരിമലയില്‍ ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധം തുടരുമെന്നും ഐക്യ മല അരയ മഹാസഭ വ്യക്തമാക്കി. പൊന്നമ്ബലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ അവകാശ പുനസ്ഥാപന ദീപം തെളിയിക്കാനാണ് ശ്രമമെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കള്‍ അറിയിച്ചു.
1949 വരെ പൊന്നമ്ബലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും അവകാശം ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്ബാറമലയിലെ അമ്ബലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം.
പൊന്നമ്ബലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്ബാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയപ്പന്റെ (75) കുടുംബത്തിലേക്ക് ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ സജീവ് ദീപം പകരും. ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് സജീവ് പറഞ്ഞു.
