തിരുവനന്തപുരം: ഇന്നലെ ലോക്സഭയില്‍ പാസാക്കിയ സാമ്ബത്തിക സംവരണ ബില്‍ രാജ്യസഭ പരിഗണിച്ച് ചര്‍ച്ച നടത്താനിരിക്കെ കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് രംഗത്ത്. ഇന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസും സി.പി.എമ്മും ചതിക്കാന്‍ സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. രാജ്യസഭയില്‍ ബില്ല് പാസാവുന്നതിന് തുരങ്കം വയ്ക്കാനുള്ള കുടില തന്ത്രങ്ങള്‍ അണിയറയില്‍ നടക്കുന്നതായി സൂചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
‘പിണറായി വിജയന് തീരുമാനത്തെ സ്വാഗതം ചെയ്തെങ്കിലും പോളിറ്റ് ബ്യൂറോ എതിര്‍ത്തു രംഗത്തുവന്നത് കാണാതിരുന്നുകൂടാ. പി. ബിജു എം. പി ബില്‍ സെലക്ട് കമ്മിറ്റിക്കുവിടണമെന്ന് പറഞ്ഞ് സി.പി.എം അംഗങ്ങള്‍ ഇടങ്കോലിടാന്‍ പരമാവധി ശ്രമിച്ചു. കോണ്‍ഗ്രസും സി. പി. എമ്മും നാളെ എന്തു നിലപാടെടുക്കും എന്നുള്ള കാര്യം കേരളവും ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്’- സുരേന്ദ്രന് പറഞ്ഞു.
അതേസമയം, പത്തു ശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതി (124) ബില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ലോക്സഭ ഇന്നലെ പാസാക്കി. അഞ്ചു മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കുശേഷം ഇന്നലെ രാത്രി പത്തു മണിയോടെ നടന്ന വോട്ടെടുപ്പില്‍ മൂന്നു പേര് ബില്ലിനെ എതിര്‍ത്തപ്പോള്‍ 323 അംഗങ്ങള്‍ പിന്തുണച്ചു. വ്യവസ്ഥകളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും കോണ്‍ഗ്രസും സി.പി.എമ്മും അടക്കം പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. എ.ഐ.എ.ഡി.എം.കെ വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
