റിയാദ്: സൗദിയില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധമുള്ള എല്ലാവരെയും സൗദിയിലെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നാണ് ട്രംപ് ഭരണകൂടം പ്രതീക്ഷിക്കുന്നതെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സൗദി സന്ദര്‍ശനത്തിനിടെ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നടത്തുന്ന എട്ടുദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പോംപിയോ റിയാദിലെത്തിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായും പോംപിയോ കൂടിക്കാഴ്ച്ച നടത്തി. സല്‍മാന്‍ രാജാവും മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഖഷോഗിവധത്തിനൊപ്പം സൗദിയിലെ മനുഷ്യാവകാശപ്രശ്നങ്ങളെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെക്കുറിച്ചും സൂചിപ്പിച്ചതായി പോംപിയോ പറഞ്ഞു.
