കരിമണല്‍ ഖനനം: സമരക്കാരുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

ആലപ്പാട്: കരിമണല്‍ ഖനന വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. വെെകിട്ട് വ്യവസായമന്ത്രി ഇ.പി ജയരാജനാണ് ചര്‍ച്ച നടത്തുക. സീ വാഷിംഗ് നിറുത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിറുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. നേരത്തെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരം ഇടിയാനുള്ള പ്രധാന കാരണം സീവാഷിംഗ് ആണെന്ന് സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്‌ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.

അതേസമയം, ആലപ്പാട് കരിമണല്‍ ഖനനത്തില്‍ ജില്ലാ കലക്‌ടറോട് ദേശീയ ഹരിത ട്രിബ്യൂണല്‍ റിപ്പോര്‍ട്ട് തേടി. മാദ്ധ്യമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടല്‍. ആലപ്പാട് നടക്കുന്ന ഖനനത്തിന്റെ വിശദ വിവരങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഉള്‍പ്പെടുത്തിയാകണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് ജില്ലാ കലക്‌ടറോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *