പിണറായിക്കു കൂവലും മോദിക്കു കൈയടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. പുതിയ അസ്ത്രങ്ങളുമായി മോദി ഇനിയും കേരളത്തിലേക്ക് വരുമെന്നും രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദിജിയുടെ ആദ്യ കേരളസന്ദര്‍ശനം തന്നെ എതിരാളികളെ തീര്‍ത്തും പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നതാണ് ഇടത് വലതു നേതാക്കളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്. കൊല്ലത്ത് അദ്ദേഹം നടത്തിയ പ്രസംഗം രണ്ടു കൂട്ടരേയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു. ശബരിമല സംരക്ഷിക്കാന്‍ വിശ്വാസികളോടൊപ്പം ആത്മാര്‍ത്ഥമായി നിന്നത് ബി. ജെ. പി മാത്രമാണെന്നും അതിനായി പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങള്‍ ഇതിനുദാഹരണമാണെന്ന് മോദി ചൂണ്ടിക്കാണിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മേലനങ്ങാതെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ല എന്നുതന്നെയാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളം. ലിംഗ നീതിയുടെ കാര്യത്തില്‍ ഇടതു വലതു കാപട്യം മുത്തലാഖ് വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു. മുന്നാക്ക സംവരണ വിഷയത്തിലും ലീഗിനെയും സി.പി.എമ്മിന്റേയും മുന്നില്‍ നിര്‍ത്തി ഇരുമുന്നണികളും നടത്തുന്ന കള്ളക്കളി ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ഈ സന്ദര്‍ശനത്തിനായി. അഴിമതി, വര്‍ഗീയപ്രീണനം, വികസന വിരുദ്ധത ഇതു മൂന്നും മുഖമുദ്രയാക്കിയ ഇരുമുന്നണികളെക്കൊണ്ടും ജനങ്ങളെ അണി നിരത്തി കണക്കുപറയിക്കും എന്നു തന്നെയാണ് മോദി പറഞ്ഞതിന്റെ സാരമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
