നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത്; മോദിയ്ക്ക് മറുപടിയുമായി എംഎം മണി

കോഴിക്കോട്: കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിന് മറുപടിയുമായി മന്ത്രി എംഎം മണി രംഗത്ത്.

പാവപ്പെട്ട ജനങ്ങളുള്ള ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമല്ലെന്നും മോദി കണ്ടിട്ടുള്ള ഉത്തര്‍പ്രദേശും ഗുജറാത്തും മധ്യപ്രദേശുമല്ല ഇതെന്നും നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിതെന്നും എംഎം മണി പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മണി ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അത് വെറുമൊരു അട്ടിമറിസ്വപ്നം

ആദരണീയനായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി കേരളത്തില്‍ വന്ന് ഒരു ഭീഷണി മുഴക്കിയിരിക്കുകയാണ്. ത്രിപുരയിലേതുപോലെ കേരളത്തിലും അട്ടിമറി സംഘടിപ്പിക്കുമെന്ന്. അദ്ദേഹത്തിന് തെറ്റി. പാവപ്പെട്ടൊരു ജനസമൂഹമുള്ള ആദിവാസി സംസ്ഥാനമായ ത്രിപുരയില്‍ അട്ടിമറി സംഘടിപ്പിച്ചതില്‍ അഭിമാനം കൊള്ളുന്നത് ആണത്തമൊന്നുമല്ല. മോഡി കണ്ടിട്ടുള്ള ഗുജറാത്തും, ഉത്തര്‍പ്രദേശും, മദ്ധ്യപ്രദേശുമൊന്നുമല്ലിത്. നവോത്ഥാന നായകന്മാരുടെ നാടായ കേരളമാണിത് ദൈവത്തിന്റെ സ്വന്തം നാട്. മോഡിയുടെയും കൂട്ടരുടെയും വര്‍ഗ്ഗീയക്കളിയൊന്നും ഈ നാട്ടില്‍ ചെലവാകാന്‍ പോകുന്നില്ല. മറിച്ച്‌, ഇപ്പോള്‍ മോഡിയുടെ കൈയ്യിലുള്ള അധികാരം തന്നെ നഷ്ടപ്പെടാന്‍ പോകുകയാണ്. ഇക്കാര്യം അദ്ദേഹം മനസ്സിലാക്കുന്നത് നന്നായിരിക്കും.

മോഡിയുടെ ‘അട്ടിമറിസ്വപ്നം’ വെറുമൊരു സ്വപ്നം മാത്രമായി അവശേഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *