കൊച്ചി: എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപകരെ നിയമിക്കാനുള്ള ചുമതല അതാതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിലവിലെ രീതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി എം കെ സലീം നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇത് സംബന്ധിച്ച് സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും നിലവിലെ നിയമനരീതി മാറ്റാന്‍ തീരുമാനമില്ലെന്ന് മറുപടി ലഭിച്ച സാഹചര്യത്തിലാണ് ഹര്‍ജിയുമായി സമീപിച്ചിരിക്കുന്നത്. അധ്യാപകരെ നിയമിക്കാനുള്ള ചുമതല മാനേജര്‍മാര്‍ക്കാണെങ്കിലും കോളേജ് അധ്യാപകര്‍ക്ക് ശമ്ബളം നല്‍കുന്നത് യുജിസിയും സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്ബളം നല്‍കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പുമാണ്. 1958 ലെ കേരള വിദ്യാഭ്യാസ നിയമത്തില്‍ എയ്ഡഡ് -സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപകരെ നിയമിക്കാനുള്ള ചുമതല സര്‍ക്കാറിനായിരുന്നു. 1960ല്‍ ഒാര്‍ഡിനന്‍സിലൂടെ ഇതിനു മാറ്റം വരുത്തി. ശമ്ബളം നല്‍കാന്‍ സര്‍ക്കാരും നിയമനം നടത്താന്‍ മാനേജ്മെന്‍റും എന്ന രീതി ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണെന്നും നടപടി അവസാനിപ്പിക്കണമെന്നും സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ അധ്യാപക നിയമനം പിഎസ്‌സിക്ക് വിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
