തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐആര്‍ഇ പൂട്ടേണ്ടിവരുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും വിഎസ് പറഞ്ഞിരുന്നു.
അതേസമയം വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുന്നത് വരെ സീവാഷിംഗ് വഴിയുള്ള ഖനനം മാത്രം നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയും തുടര്‍പഠനം നടത്തിയതിന് ശേഷം മാത്രം ഖനനം തുടരണം എന്നായിരുന്നു വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. പ്രദേശവാസികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ വേണമെന്നും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
