ബിഷപ്പ്‌ ഫ്രാങ്കോക്കെതിരായ കേസ്‌ അട്ടിമറിക്കാന്‍ ശ്രമം; സ്‌ഥലമാറ്റം സമ്മര്‍ദ്ദതന്ത്രം, കന്യാസ്‌ത്രീകള്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്‌ നല്‍കി. ബിഷപ്പിനെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തങ്ങളെ സ്ഥലംമാറ്റിയത്‌ തടയാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രിയോട്‌ കത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ സാക്ഷികളായ തങ്ങള്‍ നിരന്തര ഭീഷണിയാണ്‌ നേരിടുന്നതെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിസ്‌റ്റര്‍ ആല്‍ഫി, സിസ്‌റ്റര്‍ അനുപമ, സിസ്‌റ്റര്‍ ജോസഫൈന്‍, സിസ്‌റ്റര്‍ അനിറ്റ എന്നിവരാണ്‌ കത്ത്‌ നല്‍കിയത്‌. 

സ്‌ഥലംമാറ്റം തങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കാനാണ്‌. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്ത കുറ്റം. നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടാന്‍ ബിഷപ്പ് ശ്രമിക്കുകയാണെന്നും കന്യാസ്ത്രീകള്‍ കത്തില്‍ പറയുന്നു. സിസ്‌റ്റര്‍മാരേ സ്ഥലം മാറ്റിക്കൊണ്ടുള്ള മദര്‍ സുപ്പീരിയറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ്‌ പുറത്തുവന്നത്‌. ബലാത്സംഗത്തിനിരയായ കന്യാസ്ത്രിയും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം നടത്തിയ കന്യാസ്ത്രീകള്‍ക്കെതിരെയാണ് പ്രതികാര നടപടിയുണ്ടായത്. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയ അ‍ഞ്ച് കന്യാസ്ത്രീകളേയും സഭ സ്ഥലം മാറ്റുകയായിരുന്നു. 

മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ റജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. 

സമരനേതാവ് സിസ്റ്റര്‍ അനുപമയെ പ‌ഞ്ചാബിലേക്കാണ്‌ മാറ്റിയത്‌. മറ്റുള്ളവരെ കണ്ണുരിലേക്കും ബീഹാഹിലേക്കും ചത്തീസ്‌ഗഢിലേക്കുമാണ്‌ മാറ്റിയിട്ടുള്ളത്‌. ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. 

Leave a Reply

Your email address will not be published. Required fields are marked *