ഗാന്ധിനഗര്‍: പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലിയെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ കക്ഷികള്‍ അവരവരുടെ നിലനില്‍പ്പിനായി പരിശ്രമിക്കുന്പോള്‍ താന്‍ രാജ്യത്തിന്റെ താല്പര്യത്തിനാണു നിലകൊള്ളുന്നതെന്ന് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഭാഗമായി ഒരു ചടങ്ങില്‍ സംസാരിക്കവെ മോദി പറഞ്ഞു.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു എന്നാണവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അങ്ങനെ ഒന്നുമുണ്ടായിട്ടില്ല. ഒരുമിച്ചവര്‍ എല്ലാം അധികാര തര്‍ക്കം ആരംഭിച്ചു കഴിഞ്ഞു. അഴിമതിക്കെതിരായ തന്റെ നടപടികള്‍ ചിലരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. അവര്‍ പ്രകോപിതരായത് സ്വാഭാവികം മാത്രം. സര്‍ക്കാര്‍ ഖജനാവിലെ പണം കൊള്ളയടിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. അങ്ങനെ തോന്നിയവരെല്ലാം ഒരുമിച്ചു കൂടി. അതിന്റെ പേരാണ് വിശാല സഖ്യം- മോദി പറഞ്ഞു.
വിശാല സഖ്യം ബിജെപിക്ക് എതിരെയല്ല, രാജ്യത്തെ ജനങ്ങള്‍ക്ക് എതിരാണെന്നും വരുന്ന പൊതുതെരഞ്ഞടുപ്പില്‍ മഹാസഖ്യം വിജയിക്കാന്‍ പോകുന്നില്ലല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
