കെഎം മാണിക്ക് 86-ാം പിറന്നാള്‍; നിയമസഭയില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ബജറ്റ് ദിനത്തില്‍ നിയമസഭയിലെ മുഖ്യ ആകര്‍ഷണം ധനമന്ത്രി തോമസ് ഐസക് ആയിരുന്നില്ല. കെഎം മാണിയായിരുന്നു. മറ്റൊന്നുമല്ല 86-ാം പിറന്നാള്‍ നിറവിലായിരുന്നു അദ്ദേഹം. സാമാജികരെല്ലാം ആദ്യമെത്തിയത് കെഎം മാണിയുടെ ഇരിപ്പിടത്തിനരികിലേക്ക്. കൈ കൊടുത്തും ആശംസ നേര്‍ന്നും മന്ത്രിമാരും എംഎല്‍എമാരും മാണിക്കടുത്തെത്തി.

സഭയ്ക്ക് പുറത്ത് ബദ്ധ വൈരിയാണെങ്കിലും എണ്‍പത്താറാം പിറന്നാളാഘോഷിച്ച മാണിയെ ആശംസിക്കാന്‍ പിസി ജോജ്ജും എത്തി. ഏവരും കൗതുകത്തോടെയാണ് നോക്കി നിന്നത്. കൂട്ടച്ചിരിയ്ക്കും വഴിവെച്ചു. കൈകൊടുത്ത് ആശംസ നേര്‍ന്ന് ജോര്‍ജ്ജും നിറഞ്ഞ ചിരിയോടെ ആശംസ ഏറ്റുവാങ്ങിയ കെഎം മാണിയും കൗതുകക്കാഴ്ചയായി.

ധനമന്ത്രി തോമസ് ഐസക് സഭയിലെത്തിയതിന്റെ തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വന്നു. ഐസകിന് കൈകൊടുത്ത ശേഷം പിണറായി നേരെ പോയത് കെഎം മാണിക്കടുത്തേക്കാണ്. മുഖ്യമന്ത്രിയുടെ ആശംസക്ക് പിന്നാലെ മന്ത്രിമാരും എംഎല്‍എമാരും എല്ലാം മാണിക്കടുത്തെത്തി ആശംസ നേര്‍ന്നു. കഴിഞ്ഞ ദിവസമാണ് കെഎം മാണി എണ്‍പത്താറാം പിറന്നാള്‍ ആഘോഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *