തിരുവനന്തപുരം
ഗാന്ധിഘാതകരായ ക്രിമിനലുകള്‍ നാട് ഭരിക്കുന്നതാണ് ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ആറ്റിങ്ങലില്‍ ഡിവെെഎഫ്‌ഐ സംഘടിപ്പിച്ച യുവസാക്ഷ്യം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. ഇന്ത്യ ഇന്ന് ഭീഷണി നേരിടുന്നത് പുറം ശക്തികളില്‍ നിന്നല്ല, മറിച്ച് ആഭ്യന്തരശക്തികളില്‍നിന്നാണ്. ആര്‍എസ്‌എസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.
ജനാധിപത്യവും മതേതരത്വവും ഇല്ലാതാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത‌്– ബൃന്ദ കാരാട്ട് പറഞ്ഞു. ഇന്ന് രാജ്യസ്നേഹത്തെയും ദേശീയതയെയും കുറിച്ച് പറയുന്ന ബിജെപി ചരിത്രം മറക്കരുത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്ത പാരമ്ബര്യമാണ് സംഘപരിവാറിന്റേത്. ജയില്‍മോചിതനാകാന്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി ക്കൊടുത്ത സവര്‍ക്കറാണ് അവരുടെ നേതാവ്. സ്വാതന്ത്ര്യസമരത്തില്‍നിന്ന് പിന്തിരിഞ്ഞോടിയവരാണ് ആര്‍എസ്‌എസ്.
കഠ‌്‌വ സംഭവത്തിലടക്കം ക്രിമിനലുകളെ സംരക്ഷിച്ച മോഡിയുടെ സംസ്കാരം അറിയുന്നതിനാലാണ‌് കേരളജനത മോഡിയോട് പോ മോനെ മോഡീയെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന ഇവരുടെ ഗുജറാത്ത് സംസ്കാരവും കേരളജനത തിരസ്കരിച്ചു. അതേസമയം കേന്ദ്രത്തില്‍ മോഡി സര്‍ക്കാരിന് ഇടം നല്‍കിയത് കോണ്‍ഗ്രസാണ്. അവരുടെ ജനവിരുദ്ധ ഭരണമാണ് ജനങ്ങളെക്കൊണ്ട് ബിജെപിക്ക‌് വോട്ട് ചെയ്യിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ഹിന്ദുത്വം പറയുന്നതില്‍ ഇന്ന് ബിജെപിയും കോണ്‍ഗ്രസും പരസ്പരം മത്സരിക്കുന്നു. ഇന്ത്യയുടെ വികസനത്തെക്കുറിച്ച് പറയാതെ പശുവിനെയും മതത്തിനെയും കുറിച്ചാണ് ഇവര്‍ കൂടുതലും സംസാരിക്കുന്നത‌്. ജനങ്ങളുടെ ആവശ്യങ്ങള്‍ പറയാന്‍ ബിജെപി- കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആവശ്യമാണ്. അങ്ങനെയാരു ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശക്തമായ ഇടതുപക്ഷം ആവശ്യമാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
