പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍.

പാട്ന: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ ദൈവം അറസ്റ്റില്‍. മന്‍മോഹന്‍ സാഹേബ് എന്നയാളാണ് അറസ്റ്റിലായത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിലാണ് മന്‍മോഹന്‍ സാഹേബിനെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ലുധിയാന സ്വദേശികളായ സഹോദരിമാരെയാണ് സാഹേബ് തന്റെ ആശ്രമത്തില്‍ വെച്ച്‌ പീഡനത്തിനു ഇരയാക്കിയതെന്ന് പോലീസ് പറയുന്നു.

ഈ മാസം ആദ്യമാണ് പെണ്‍കുട്ടികള്‍ മന്‍മോഹന്‍ സാഹേബിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2009 ല്‍ ബീഹാറിലെ മധുബാനില്‍ വെച്ചാണ് മന്‍മോഹന്‍ സാഹേബ് പെണ്‍കുട്ടികളെ കാണുന്നത്. തുടര്‍ന്ന് 2010 ല്‍ ബീഹാറിലെ സൂപൗളിലുള്ള ഇയാളുടെ ആശ്രമത്തില്‍ വെച്ച്‌ അനുജത്തിയെ പീഡനത്തിന് ഇരയാക്കിയതായി പരാതിയില്‍ പറയുന്നു. പിന്നീ‍ട് കുട്ടിയെ അക്രമത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ ചിത്രികരിച്ചു. ഈ ദൃശ്യങ്ങള്‍ വെച്ച്‌ പലതവണ ഇയാള്‍ കുട്ടിയെ പീഡനത്തിനീരയാക്കി. 2016 ല്‍ മന്‍മോഹന്‍ സാഹേബ് മൂത്ത സഹോദരിയെയും പീഡനത്തിനിരയാക്കിയതായി പരാതിയില്‍ പറയുന്നുണ്ട്.

പ്രധാനമന്ത്രി, പഞ്ചാബ് മുഖ്യമന്ത്രി,ദേശീയ വനിതാ കമ്മീഷന്‍, ബീഹാറിലെ ഡിജിപി എന്നിവര്‍ക്കാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ ആള്‍ ദൈവം പോലീസ് പിടിയിലാകുകയായിരുന്നു. മധുബാനിയിലെ ആശ്രമത്തില്‍ വെച്ച്‌ ഇയാള്‍ മറ്റൊരു സ്ത്രീയെയും പീഡനത്തിനിരയാക്കിയതായും പോലീസ് കണ്ടെത്തി. നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ആള്‍ ദൈവത്തെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ പാസ്പോര്‍ട്ടും ഔദ്യോ​ഗിക രേഖകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദേര സച്ച സൗധ മേധാവി ഗുര്‍മിത് റാം റഹീം സിംഗിനെ ബലാത്സംഗ കേസില്‍ ശിക്ഷ വിധിച്ചതിനുശേഷമാണ് മന്‍മോഹന്‍ സാഹേബിനെതിരെ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് പ്രചോദനമായതെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നു. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി എസ്പി മൃത്യുന്‍ജയ് കുമാര്‍ ചൗധരി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *