ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല ബജറ്റിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്ത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നരേന്ദ്രമോഡി സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്ക് ഗുണകരമായത് ഒന്നുമില്ല, മറിച്ച് അവരെ അപമാനിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ഗാന്ധിയുടെ ആരോപണം. അഞ്ച് വര്‍ഷത്തോളമായി അഹങ്കാരവും അയോഗ്യതയും കൊണ്ട് കര്‍ഷകരുടെ ജീവതം പൂര്‍ണമായും തകര്‍ത്തു.
കിസാന്‍ സമ്മാന്‍ നിധി പ്രകാരം വര്‍ഷത്തില്‍ 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പറയുമ്ബോള്‍ ഒരു ദിവസം 17 രൂപയോളമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഇത് അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.
ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6,000 രൂപ വീതം നിക്ഷേപിക്കാന്‍ വ്യവസ്ഥചെയ്യുന്നതാണ് ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.
