കെ പി എ സി ലളിത പിന്‍മാറുന്നു

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി കെപിഎസി ലളിത. പിന്മാറ്റം ആരോഗ്യപരമായ കാരണങ്ങളാലാണെന്നും അവര്‍ വ്യക്തമാക്കി. കെപിഎസി ലളിതക്ക് സമ്മതമെങ്കില്‍ അവര്‍ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയതിനു പിന്നാലെയാണ് ലളിത സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ നിലപാടുമാറ്റവുമായി രംഗത്തെത്തിയത്. കെപിഎസി ലളിതയെപോലുള്ള സ്ഥാനാര്‍ഥികള്‍ ഇടതുപക്ഷത്തിന് മികവ് സമ്മാനിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നതെന്നും പിണറായി സൂചിപ്പിച്ചിരുന്നു. നേരത്തെ, പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും തന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അറിയിച്ചുവെന്നും ലളിത വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ പ്രതിഷേധങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇതിനെതിരെ വടക്കാഞ്ചേരിയില്‍ സിപിഎമ്മിന്റെ പേരില്‍ പോസ്‌ററുകള്‍ പ്രത്യക്ഷപ്പെടുകയും 70 ലേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *