വയനാട് ബലാല്‍സംഗക്കേസ്: കോണ്‍ഗ്രസ് നേതാവ് പൊലീസില്‍ കീഴടങ്ങി

വയനാട്: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡി.സി.സി മുന്‍ സെക്രട്ടറി ഒ.എം. ജോര്‍ജ് പൊലീസില്‍ കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എസ്‌.പി മുമ്ബാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. മാതാപിതാക്കളോടൊപ്പം വീട്ടില്‍ ജോലിക്ക് വന്ന പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ജോര്‍ജ്ജ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ഇതുസംബന്ധിച്ച്‌ ജോര്‍ജിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ബത്തേരി പൊലീസില്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടി അവധി ദിവസങ്ങളില്‍ രക്ഷിതാക്കളോടൊത്ത് ജോര്‍ജിന്റെ വീട്ടില്‍ കൂലിപ്പണിക്ക് എത്താറുണ്ടായിരുന്നു.

മാതാപിതാക്കളില്ലാത്ത സമയത്താണ് ഉപദ്രവിച്ചതെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. പതിനേഴ് വയസുളള കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോള്‍ മുതല്‍ ഒന്നരവര്‍ഷം തുടര്‍ച്ചയായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. അച്ഛന്‍ കാര്യമറിഞ്ഞതോടെ പെണ്‍കുട്ടി കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കൃഷിയിടത്തിലും ആളില്ലാത്ത സമയത്ത് ജോര്‍ജിന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും ഇയാള്‍ പീഡിപ്പിച്ചതായി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

ഏതാനും ദിവസം മുമ്ബ് ചില യു.ഡി.എഫ് നേതാക്കളുടെ മദ്ധ്യസ്ഥതയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനിടെ ചിലര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. എസ്.എം.എസ് ഡിവൈ.എസ്.പി കുബേരന്‍ നമ്ബൂതിരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പോക്‌സോ കൂടാതെ മാനഭംഗത്തിനും, എസ്.സി.എസ്.ടി നിയമ പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനാരോപണത്തെ തുടര്‍ന്ന് ഒ.എം. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ജോര്‍ജ് നിലവില്‍ അര്‍ബന്‍ ബാങ്ക് വൈസ് പ്രസിഡന്റാണ്.

Leave a Reply

Your email address will not be published. Required fields are marked *