ജെറ്റ് എയര്‍വേയ്സിന് ഭാഗ്യവുമായി ‘അവന്‍’ പറന്നെത്തി: ഇനി വച്ചടി വച്ചടി കയറ്റമെന്ന് സോഷ്യല്‍ മീഡിയ

മുംബയ്: വിമാനത്തിന്റെ കോക്പിറ്റില്‍ പൈലറ്റിനൊപ്പം ആരുമറിയാതെ ഒരു പുതിയ കക്ഷികൂടെ സ്ഥാനം ഉറപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി? ​ജെറ്റ് എയര്‍വേയ്സിന്റെ വിമാനത്തില്‍ അനുവാദം കൂടാതെ കയറിക്കൂടിയ കക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ജെറ്റ് എയര്‍വേയ്സിന്റെ ബോയിംഗ് 777 എന്ന വിമാനത്തിന്റെ കോക്പിറ്റില്‍ കയറിക്കൂടിയത് ഹൃദയാകാരമുള്ള മുഖവും ചാരനിറവുമുള്ള ഒരു വെള്ളിമൂങ്ങയായിരുന്നു. അനുവാദം ചോദിക്കാനൊന്നും കക്ഷിക്ക് സമയം ഇല്ലായിരുന്നു. നേരെ പറന്നു കയറിയത് വിമാനത്തിന്റെ കോക്പിറ്റിലേക്കും. മുംബയ് വിമാനത്താവളത്തിലായിരുന്നു സംഭവം.

ഫ്ലൈറ്റ് കമാന്ററിന്റെ ഇരിപ്പിടത്തിന് തൊട്ടടുത്ത് കക്ഷിയും ഇരിപ്പ് ഉറപ്പിച്ചു. അപ്പോഴാണ് വിമാനത്തിലെ പുത്തന്‍ കമാന്ററെ അധികൃതര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വിമാന അധികൃതര്‍ കക്ഷിയെ പിടികൂടുകയും വിമാനത്താവളത്തിലെ അഗ്നിസുരക്ഷാ വിഭാഗത്തിന് കൈമാറുകയും ചെയ്തു.

എന്നാല്‍ അധികൃതര്‍ ഇവനെ പിടികൂടാനെത്തിയപ്പോള്‍ യാതൊരുവിധ എതിര്‍പ്പും കാണിച്ചില്ലെന്ന് മാത്രമല്ല അനുസരണയുള്ള കുട്ടിയെ പോലെ ഇരുന്ന് കൊടുക്കുകയും ചെയ്‌തു. രാത്രിയില്‍ ഇരതേടാനിറങ്ങിയപ്പോള്‍ വിമാനത്തിന്റെ തുറന്നു കിടന്ന വാതിലിലൂടെയാണ് കക്ഷി അകത്ത് കടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് ജീവനക്കാര്‍ കക്ഷിയുമായി സെല്‍ഫിയും എടുത്ത ശേഷമാണ് അഗ്നിസുരക്ഷാ സേനക്ക് കൈമാറിയത്. സംഭവത്തെ തുടര്‍ന്ന് വിമാനത്തിന്റെ അധികൃതര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്ക് വച്ചു. വെള്ളിമൂങ്ങ എത്തിയതോടെ ജെറ്റ് എയര്‍വേയ്സ് കുറച്ച്‌ നാളായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് കരകയറുമെന്നും. ജെറ്റ് എയര്‍വേയ്സിന്റെ ഉടമയായ നരേഷ് ഗോയലിന്റെ സാമ്ബത്തിക പ്രതിസന്ധികള്‍ അവസാനിക്കുമെന്നുമായിരുന്നു കമന്റുകള്‍.

വെള്ളിമൂങ്ങയെ വളര്‍ത്തിയാല്‍ ഐശ്വര്യം വരുമെന്ന വിശ്വാസം ഈ പാവം പക്ഷി വര്‍ഗ്ഗത്തിന് വരുത്തിവച്ച വിന വലുതാണ്. ഈ വിശ്വാസം മുതലെടുത്ത് ചിലര്‍ ഇവയെ പിടികൂടി ലക്ഷങ്ങളാണ് വിലയായി വാങ്ങുന്നത്. എന്നാല്‍ നിയമപരമായി വെള്ളിമൂങ്ങകളെ പിടികൂടാനോ വില്‍ക്കാനോ പാടില്ല. ചിലര്‍ വെള്ളിമൂങ്ങകളെ ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങുകയും അവയെ ബലിയര്‍പ്പിച്ച ശേഷം ഭാഗ്യം തേടിയെത്തുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. ഇതേ വിശ്വാസത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടപ്പെടുന്ന മറ്റൊരു ജീവിയാണ് ‘ഇരുതലമൂരി’.

Leave a Reply

Your email address will not be published. Required fields are marked *