നിലമ്പൂര്‍: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ രേഖകളില്ലാത്ത കടത്തുകയായിരുന്ന രണ്ടരകോടി രൂപ പൊലീസ് പിടികൂടി. കാറിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി കണ്ണംപള്ളിയാളി മുഹമ്മദ് നിസാര്‍ (27), തിരൂര്‍ക്കാട് ചില്ലപുറത്ത് മുസ്തഫ (37), കോട്ടക്കല്‍ പുത്തൂര്‍ ലാളകുണ്ടില്‍ അല്‍ത്തീഫ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. പണം കടത്താനുപയോഗിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാറും കസ്റ്റഡിയിലെടുത്തു. മൈസൂരില്‍ ടൂര്‍പോയി മടങ്ങുകയാണെന്നാണ് കാറിലുണ്ടായിരുന്നവര്‍ പൊലിസിനോട് ആദ്യം പറഞ്ഞത്. സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണത്തിന്റെ കാര്യം പറഞ്ഞത്. കാര്‍ ചെന്നൈ സ്വദേശി ബഷീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. കാറിലുണ്ടായിരുന്നത് കുഴല്‍പണമാണെന്നും അങ്ങാടിപുറം സ്വദേശിയായ അന്‍വര്‍ സാദത്ത് എന്നയാളെ എല്‍പ്പിക്കാന്‍ ബംഗളൂരുവിലെ ഒരു സേഠ് തന്നയച്ചതാണെന്നുമാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ നിലമ്പൂര്‍ സി.ഐ ടി.സജീവന്റെയും വഴിക്കടവ് എസ്.ഐ.കെ.ബി.ഹരികൃഷ്ണന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊദ്യം ചെയ്തു. പണത്തിന്റെ മതിയായ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയാല്‍ ടാക്‌സ് ഈടാക്കിയ ശേഷം പണം തിരികെ നല്‍ക്കാവുന്നതാണെന്ന് സി.ഐ.പറഞ്ഞു. നിലമ്പൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പണവും കോടതിയില്‍ ഹാജരാക്കി.
