ജമ്മുകാഷ്മീരില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ ധാരണ

ശ്രീനഗര്‍: ജമ്മുകാഷ്മീര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പിഡിപിയും ബിജെപിയും ഗവര്‍ണറെ കണ്ടു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ബിജെപി നേതാവ് നിര്‍മല്‍ സിംഗും ചേര്‍ന്നാണ് ഗവര്‍ണര്‍ എന്‍.എന്‍.വോറയെ കണ്ടത്. ഇതോടെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് വിരാമമായി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്തുവന്ന മെഹബൂബ ബിജെപിയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞു. സമാധാനവും വികസനവുമാണ് തന്റെ സര്‍ക്കാരിന്റെ അജണ്ടയെന്ന് അവര്‍ പറഞ്ഞു. ബിജെപി എംഎല്‍എമാര്‍ പിഡിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് കൈമാറിയതായി നിര്‍മല്‍ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം പിഡിപി മെഹബൂബ മുഫ്തിയെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. കാഷ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയാണ് മെഹബൂബയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നിര്‍മല്‍ സിംഗ് ഉപമുഖ്യമന്ത്രിയാകും. ജനുവരിയില്‍ മുഫ്തി മുഹമ്മദ് സയിദ് മരിച്ചതിന് ശേഷം ഗവര്‍ണറുടെ ഭരണത്തിലാണ് കാഷ്മീര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ഇടപെടലിന് ശേഷമാണ് വീണ്ടും കാഷ്മീരില്‍ ബിജെപിപിഡിപി സഖ്യ സര്‍ക്കാര്‍ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *