ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്സിറ്റ് കരാറുകളുടെ തുടര്‍ നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തെരേസാ മേ രാജിക്ക് ഒരുങ്ങുന്നത്. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ തേരേസാ മേയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി ബ്രെക്സിറ്റ് നടപടികളുടെ നിയന്ത്രണം സര്‍ക്കാരില്‍ നിന്ന് പാര്‍ലമെന്റ് ഏറ്റെടുക്കുന്ന പ്രമേയം 302 നു എതിരെ 329 വോട്ടുകള്‍ക്കാണ് പാസായത്.
തെരേസ മേയുടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുപ്പത് എം പിമാര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു. മൂന്നു മന്ത്രിമാര്‍ കൂടി ബ്രെക്സിറ്റ് നിലപാടിനോട് വിയോജിച്ച് രാജി വെക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനെ അനുകൂലിക്കുന്ന റിച്ചാര്‍ഡ് ഹാരിംഗ്ടണ്‍, അലിസ്റ്റര്ബര്ട്ട്, സ്റ്റീവ് ബ്രയിന്‍ എന്നീ മന്ത്രിമാരാണു രാജിവച്ചത്. ഇവര്‍ ഉള്‍പ്പെടെ 30 ടോറി എംപിമാരാണ് സര്‍ക്കാരിനെതിരേ വോട്ടു ചെയ്തത്. ഈ സാഹചര്യത്തിലാണ് തെരേസാ മേ രാജിക്കൊരുങ്ങുന്നത്.
ബദല്‍ നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയാലും അംഗീകരിക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലന്നു മേ ചൂണ്ടിക്കാട്ടി. വരും വരായ്കകള്‍ പരിഗണിക്കാതെ കണ്ണുമടച്ച് പദ്ധതികള്‍ അംഗീകരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.
പ്രധാനമന്ത്രി രാജി സന്നദ്ധത അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്‍സര്‍വേറ്റിവ് എം പിമാരുടെ സംഘം ഇന്ന് തെരേസ മേയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏതു രീതിയില്‍ വേണം ബ്രിട്ടന് യുറോപ്യന്‍ യൂണിയന് വിടാന്‍ എന്ന കാര്യത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും.
